ചാലിയം: ചാലിയത്തെ പോർച്ചുഗീസ് കോട്ട ഓഗ് മെന്റ്ഡ് റിയാലിറ്റി സൈനേജ് (എആർ) സാങ്കേതികവിദ്യയിലൂടെ പുനരാവിഷ്കരിച്ചു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ടൂറിസംക്ലബും സംയുക്തമായാണ് ഡിജിറ്റൽ സൈൻബോർഡ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. നഗരത്തിലെ വിവരണാത്മക ബോർഡുകൾ വിജ്ഞാനപ്രദവും ക്രിയാത്മകവുമായി രൂപകൽപന ചെയ്യണമെന്ന മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ സംബന്ധിച്ച ഡിസൈൻ നയത്തിന്റെ ഭാഗമായാണ് കോഴിക്കോട് ഡി.ടി.പി.സി ഈ ദൗത്യം ഏറ്റെടുത്തത്.
കോട്ടയുടെ ത്രീഡി മോഡൽ, ചരിത്രവിവരണങ്ങൾ നൽകുന്ന ഇംഗ്ലീഷിലും മലയാളത്തിലുമുള്ള വീഡിയോകൾ, പുനരാവിഷ്കരിച്ച കോട്ടയിലൂടെ വെർച്വൽ നടത്തം എന്നിങ്ങനെ മൂന്ന് വ്യത്യസ്ത അനുഭവങ്ങൾ സന്ദർശകർക്ക് മൊബൈൽ ഫോൺ വഴി സ്കാൻ ചെയ്ത് തെരഞ്ഞെടുക്കാം.
1531- ൽ ചാലിയം പ്രദേശത്ത് സുഗന്ധവ്യഞ്ജന വ്യാപാരം നിയന്ത്രിക്കാനായി പോർച്ചുഗീസുകാർ പണിതതാണ് ചാലിയം കോട്ട. കോട്ട തകർക്കാൻ സാമൂതിരി തന്റെ നാവികസേന തലവൻ കുഞ്ഞാലിമരയ്ക്കാർ മൂന്നാമനെ ചുമതലപ്പെടുത്തി. വർഷങ്ങളോളം നീണ്ട പ്രതിരോധത്തിനൊടുവിൽ, 1571-ൽ കര വഴിയും കടൽ മാർഗവുമുള്ള ശക്തമായ ആക്രമണത്തിലൂടെ സാമൂതിരി സേന കോട്ട പിടിച്ചടക്കി പൂർണമായി നശിപ്പിക്കുകയായിരുന്നു.