കൂടുതൽ ക്ലസ്റ്ററുകളിൽ പ്രവർത്തി തുടങ്ങി
കൽപ്പറ്റ: കാലാവസ്ഥ അനുകൂലമായതോടെ കൽപ്പറ്റ ടൗൺഷിപ്പിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗത കൂടി. കൂടുതൽ ക്ലസ്റ്ററുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. നേരത്തെ മാതൃകവീട് ഉൾപ്പെട്ട ഒരു ക്ലസ്റ്ററിൽ മാത്രമായിരുന്നു നിർമ്മാണ പ്രവർത്തികൾ നടന്നിരുന്നത്. ഇപ്പോൾ രണ്ട് ക്ലസ്റ്ററുകളിൽ കൂടി നിർമ്മാണം തുടങ്ങി. ടി.പി ടൈൽസിന് എതിർവശത്തെ ഭൂമിയിലാണ് നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചത്. മറ്റു ക്ലസ്റ്ററുകളിൽതേയില ചെടികൾ പിഴുതു മാറ്റി നിലം ഒരുക്കാൻ തുടങ്ങി. റോഡ് പ്രവർത്തിയും തുടങ്ങിയിട്ടുണ്ട്. പദ്ധതി പ്രദേശത്ത് 12 കിലോമീറ്റർ ദൂരംറോഡ് നിർമ്മിക്കും. ഊരാളുങ്കൽ ലേബർകോൺട്രാക്ട് സൊസൈറ്റിയുടെ 200 തൊഴിലാളികളാണ് ഇപ്പോൾ ഒരേസമയം പ്രവർത്തികളിൽ ഏർപ്പെടുന്നത്. നാല് വീടുകളുടെ കോൺക്രീറ്റ് പ്രവർത്തി അടുത്തദിവസം നടക്കും. ആദ്യത്തെ ക്ലസ്റ്ററിൽ 39 വീടുകളുടെ നിർമാണമാണ് നടത്തുന്നത്. രണ്ടുമാസത്തോടെ ഇത്രയും വീടുകളുടെ നിർമ്മാണം പൂർത്തിയാകും. ഡിസംബർ 31ന് ഉള്ളിൽ 410 വീടുകളുടെയും നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. വീടുകളുടെ പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയായാൽ അനുബന്ധ കെട്ടിടങ്ങളുടെ നിർമാണവും ആരംഭിക്കും. വീടുകളുടെ രൂപകല്പന സംബന്ധിച്ച് ദുരന്തബാധിതരിൽ നിന്ന് തന്നെ ചില പരാതികൾ ഉയർന്നിട്ടുണ്ട്. ഇതുകൂടി സർക്കാർ പരിഗണിച്ചേക്കും എന്നാണ് സൂചന.