നാദാപുരം: വിലങ്ങാട് ഉരുൾപൊട്ടൽ ദുരിതത്തിന് പൂർണ പരിഹാരമില്ലാതിരിക്കെ, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ഏതാനും പേർക്ക് ജപ്തി നോട്ടീസ്. വാണിമേൽ വില്ലേജിലെ ഏഴും വളയം, ചെക്യാട് വില്ലേജുകളിലെ ഒരോ കർഷകർക്കും വീതമാണ് ജപ്തി ഭീഷണി. ജപ്തി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ധനകാര്യ സ്ഥാപനങ്ങൾ നടപടിക്രമങ്ങൾ തുടങ്ങിയിരിക്കുകയാണ്. സംസ്ഥാന സർക്കാർ എല്ലാതരം ബാങ്ക് വായ്പകൾക്കും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള പണമിടപാടുകൾക്കും പ്രഖ്യാപിച്ച മൊറോട്ടോറിയം നിലനിൽക്കെയാണിത്. ജപ്തി നടപടികളുമായി സ്ഥാപനങ്ങൾ മുന്നോട്ടുപോകുന്നതിൽ ഇതിനിടെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. നാദാപുരം നിയോജകമണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലെ 9 വില്ലേജുകളിലാണ് സർക്കാർ കഴിഞ്ഞ മാർച്ച് 15ന് മൊറോട്ടോറിയം പ്രഖ്യാപിച്ചത്. 2026 മാർച്ച് 31 വരെയാണ് കാലാവധി. മൊറോട്ടോറിയം തീരാൻ ഏഴ് മാസം കൂടിയുള്ളപ്പോഴാണിത്. പ്രകൃതിദുരന്തവും കാട്ടുമൃഗശല്യവും കാരണം ഏറെ പ്രയാസമനുഭവിക്കുന്ന കൃഷിക്കാർക്ക് സർക്കാർ നൽകിയ ആശ്വാസ നടപടികളാണ് ബാങ്കുകളും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും ഇല്ലാതാക്കുന്നതെന്നാണ് ആരോപണം.

ജപ്തി നടപടി നിറുത്തിവയ്ക്കണം

ജപ്തി നടപടികൾ നിറുത്തി വയ്ക്കണമെന്ന് അഖിലേന്ത്യാ കിസാൻ സഭ ജില്ലപ്രസിഡൻ്റ് ടി.കെ. രാജനും സെക്രട്ടറി രജീന്ദ്രൻ കപ്പള്ളിയും ആവശ്യപ്പെട്ടു.ജപ്തി നടപടികൾ തടയണമെന്ന് മുഖ്യമന്ത്രി, റവന്യു, സഹകരണ മന്ത്രിമാർ, നാദാപുരം എം.എൽ.എ. എന്നിവരോട് ആവശ്യപ്പെടും. ജപ്തി നടപടി തുടുകയാണെങ്കിൽ പ്രക്ഷോഭം നടത്തും. സർക്കാർ പ്രഖ്യാപിച്ച മൊറോട്ടോറിയം നടപ്പിലാക്കാൻ ജില്ലാ ഭരണകൂടം ഫലപ്രദമായി ഇടപെടണമെന്ന് കോൺഗ്രസ് നേതാവ് മോഹനൻ പാറക്കടവ് ആവശ്യപ്പെട്ടു

മൊറട്ടോറിയം നിലവിലുള്ള വില്ലേജുകൾ

വിലങ്ങാട്, വാണിമേൽ, വളയം, ചെക്യാട്, തിനൂർ, തൂണേരി, നാദാപുരം, എടച്ചേരി, നരിപ്പറ്റ.