ബേപ്പൂർ: ബേപ്പൂരിൽ ആർ.എം ആശുപത്രിക്ക് സമീപം ഹിന്ദുസ്ഥാൻ പെട്രോളിയത്തിൻ്റെ ഡീലർഷിപ്പോടെ പ്രവർത്തിക്കുന്ന ബങ്കിൽ ഇന്ധന വിതരണം നിലക്കുന്നത് തുടർക്കഥയാകുന്നു. കഴിഞ്ഞ മാസം രണ്ടു ദിവസത്തോളം വിതരണം മുടങ്ങിയിരുന്നു. ഇന്നലെയും രാവിലെ 11 മണിക്ക് ശേഷം ഇന്ധന വിതരണം നടന്നില്ല. നൂറിലധികം വാഹനങ്ങളാണ് പെട്രോളും ഡീസലും ഇല്ലാത്തതിനാൽ തിരിച്ചു പോയത്. എലത്തൂരിലെ ഇന്ധന വിതരണം കേന്ദ്രത്തിൽ നിന്നും യഥാസമയം ഇന്ധനം ലഭിക്കാത്തതും നവീകരിച്ച ടാങ്കർ ലോറികളുടെ ദൗർലഭ്യവുമാണ് ഇന്ധന വിതരണം നിലക്കാൻ കാരണമെന്നാണ് ജീവനക്കാർ പറയുന്നത്. ചില വാഹനങ്ങളിലെ ഇന്ധനം പൂർണ്ണമായും തീർന്നതിനാൽ വാഹനങ്ങൾ ബങ്കിന് സമീപം നിർത്തിയിട്ട സ്ഥിതിയാണ്. ഇന്ധന വിഷയ പരിഹാരത്തിനായി സാങ്കേതിക തടസം നീക്കി മാത്തോട്ടം ഭാഗത്ത് പ്രവർത്തക്ഷമമായ സ്വകാര്യ ഉടമസ്ഥതയിലുള്ള നയാര ബങ്ക് ഉടൻ തന്നെ പ്രവർത്തനമാരംഭിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയാണോ ഇന്ധന വിതരണം നിലക്കാൻ കാരണമെന്ന് സംശയമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.