കൽപ്പറ്റ: ദുരന്തബാധിതരുടെ പേരിൽ മുസ്ലീം ലീഗ് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ. റഫീഖ് ആരോപിച്ചു. ദുരന്തബാധിതരുടെ പേരിൽ തോട്ടഭൂമി വലിയ വില നൽകിയാണ് മുസ്ലിം ലീഗ് ഏറ്റെടുത്തത്. ഇതിലൂടെ വലിയ സാമ്പത്തിക ക്രമക്കേടാണ് നടന്നിട്ടുള്ളത്. ദുരന്തബാധിതരേയും ജനങ്ങളെയും ലീഗ് ഒരുപോലെ വഞ്ചിച്ചു. ജനങ്ങളിൽനിന്ന് പിരിച്ച പണമാണ് ധൂർത്തടിക്കുന്നത്. തോട്ടഭൂമിയാണെന്ന് അറിഞ്ഞുകൊണ്ടാണ് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പുനരധിവാസത്തിനായി തൃക്കൈപ്പറ്റ വെള്ളിത്തോട് ഭൂമി വാങ്ങിയത്. ഭൂമിക്ക് അഞ്ചിരട്ടിവരെ വില കൂട്ടിയാണ് തോട്ടഭൂമി വാങ്ങിയത്. വാങ്ങിയത് തോട്ടഭൂമിയല്ലെന്ന കള്ളം ലീഗ് ആവർത്തിക്കുകയാണ്. സ്ഥലത്തിന്റെ രേഖകൾ പരിശോധിക്കുന്ന ആർക്കും തോട്ടഭൂമിയാണെന്ന് വ്യക്തമാകും. 2021 ഒക്‌ടോബർ 23ലെ സ്‌റ്റേറ്റ് ലാൻഡ് ബോർഡ് സെക്രട്ടറിയുടെ സർക്കുലർ ചൂണ്ടിക്കാണിച്ചാണ് ഭൂമി നൽകിയവരുടെ കൈവശം 15 ഏക്കറിൽ കൂടുതൽ ഇല്ലെന്നും അതിനാൽ ഭൂപരിഷ്‌കരണ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും നേതാക്കൾ പറയുന്നത്. ഇത് വസ്തുതാ വിരുദ്ധമാണ്. കൈമാറ്റങ്ങൾ നടത്തപ്പെടുന്നതിന് മുമ്പ് ഭൂമി കൈവശം വച്ചിരുന്നവരുടെ ഉടമസ്ഥത എങ്ങിനെ ആയിരുന്നുവെന്നതാണ് നിയമം. ലീഗ് സ്ഥലം വാങ്ങിയ അഞ്ചുപേരുടെയും കൈവശമുള്ളത് തോട്ടഭൂമിയാണ്. തൃക്കൈപ്പറ്റ വില്ലേജിലെ സർവേ നമ്പർ 19 /1ബിയിൽ പെട്ടതാണ് നാലുപേരുടെയും ഭൂമി. ഇത് തോട്ടഭൂമിയാണെന്ന് രേഖകളിൽ വ്യക്തമാണ്. മൂന്നേക്കർ വാങ്ങിയ കല്ലങ്കോടൻ മൊയ്തുവിന്റേതും മൂന്ന്, അഞ്ച്, ആറ് സർവേ നമ്പറിൽപെട്ട തോട്ടഭൂമിയാണെന്നാണ് രേഖ. ഇത്തരം ഭൂമികൾ അതേപടി നിലനിൽക്കുമെന്ന് വ്യക്തതവരുത്തി 2024 ജൂൺ 11ന് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. തോട്ടഭൂമിയിൽനിന്ന് ഒരേക്കർ വാങ്ങിയാലും ഭൂപരിഷ്‌കരണ നിയമപ്രകാരം അത് തോട്ടഭൂമിയായി നിലനിൽക്കും. ഇതുമറച്ചുവച്ചാണ് ലീഗ് നേതാക്കൾ ജനങ്ങളെ കബളിപ്പിക്കുന്നത്. കല്ലങ്കോടൻ മൊയ്തുവിന്റെയും ഭാര്യയുടെയും കൈവശം കൂടുതൽ ഭൂമി ഉണ്ടായിട്ടും അത് മൊത്തത്തിൽ വാങ്ങാതെ മൂന്ന് ഏക്കർ മാത്രം വാങ്ങിയത് എന്തിനാണെന്നും ലീഗ് നേതൃത്വം വ്യക്തമാക്കണം. വിൽപ്പന നടത്തിയ ഭൂമിക്ക് ഏതെങ്കിലും വിധത്തിൽ ഇളവ് ലഭിച്ചാൽ ആ പഴുത് ഉപയോഗിച്ച് അവശേഷിക്കുന്ന ഭൂമികൂടി തരം മാറ്റിയെടുക്കുന്നതിനുള്ള തന്ത്രമാണിതെന്ന് റഫീഖ് പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി .വി ബേബി, എം. മധു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.