dde
ജോലിയുണ്ട്, കൂലിയില്ല: എയ്ഡഡ് സ്കൂൾ അദ്ധ്യാപകരുടെ മാർച്ചിൽ കെെക്കുഞ്ഞുമായി പങ്കെടുത്ത അദ്ധ്യാപിക

കോഴിക്കോട്: ഭിന്നശേഷി സംവരണ നിയമത്തിന്റെ പേരിൽ നിയമനാംഗീകാരം ലഭിക്കാത്ത യഥാർത്ഥ ഭിന്നശേഷിക്കാർക്കും എയ്ഡഡ് സ്കൂൾ അദ്ധ്യാപകർക്കും നീതി ആവശ്യപ്പെട്ട് അദ്ധ്യാപകർ മാർച്ചും ധർണ്ണയും നടത്തി. കേരള എയ്ഡഡ് ടീച്ചേഴ്‌സ് കളക്ടീവിന്റെ നേതൃത്വത്തിൽ ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. പി.വി. അൻവർ ഉദ്ഘാടനം ചെയ്തു. സുപ്രീം കോടതി ഉത്തരവിട്ടിട്ടും മൂന്ന് വർഷമായി ഭിന്നശേഷിക്കാർക്കുള്ള ഒഴിവുകൾ നികത്തുന്നില്ല. മറ്റ് അദ്ധ്യാപക നിയമനങ്ങൾക്ക് അംഗീകാരവും നൽകുന്നില്ലെന്ന് ഭാരവാഹികൾ ആരോപിച്ചു. നിയമനാംഗീകാരം ലഭിക്കാത്തതിനാൽ അദ്ധ്യാപകരിൽ ചിലരും അവരുടെ കുടുംബാംഗങ്ങളും ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളുമുണ്ടായി. മാർച്ചിൽ വിവിധ ജില്ലകളിൽ നിന്നുള്ളവർ പങ്കെടുത്തു. ബിൻസിൻ ഏക്കാട്ടൂർ അദ്ധ്യക്ഷനായി. കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി എ.പി.അസീസ്, കെ.പി.എസ്.ടി.എ. കോഴിക്കോട് ജില്ല സെക്രട്ടറി ഇ.കെ.സുരേഷ്, എൻ.ടി.യു.സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രേഷ്മ. കെ.പി.എസ്.എം.എ ജില്ല പ്രസിഡൻ്റ് പൂമംഗലം അബ്ദുറഹ്മാൻ, കെ.എ.ടി.എഫ്. സംസ്ഥാന സമിതിയംഗം റാഫി ചെരച്ചോറ തുടങ്ങിയവർ പ്രസംഗിച്ചു.

സർക്കാർ വ്യാജ ഭിന്നശേഷി മാഫിയക്ക് കുട പിടിക്കുന്നു: പി.വി. അൻവർ

സർക്കാർ വ്യാജ ഭിന്നശേഷി മാഫിയക്ക് കുട പിടിക്കുകയാണെന്ന് മുൻ എം.എൽ.എ. പി.വി.അൻവർ. നിരവധി വ്യാജ ഭിന്നശേഷിക്കാർ സ്കൂളിൽ പ്രവേശിച്ചത് തെളിവ് സഹിതം പുറത്തുവന്നിട്ടും സർക്കാർ നടപടിയെടുക്കാത്തത് ഇതിന് ഉദാഹരണമാണ്. കേരള എയ്ഡഡ് ടീച്ചേഴ്‌സ് കളക്ടീവ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി നിയമന ഉത്തരവ് എൻ.എസ്.എസ് മാനേജ്മെന്റുകൾക്ക് മാത്രം സർക്കാർ നൽകിയത് ഇരട്ടത്താപ്പിനും അപ്പുറമാണ്. നിയമന അംഗീകാരം ലഭിക്കാത്ത സംസ്ഥാനത്തെ 16,000 അദ്ധ്യാപകർ നേരിടുന്ന ദുരിതത്തിന് സർക്കാർ പരിഹാരണം കാണണം. മുമ്പ് സമരം നടത്തിയാൽ നടപടിയുണ്ടാകും. ഇന്ന് സമരക്കാരെ കളിയാക്കുകയാണെന്നും ആശമാരുടെ സമരത്തെ ചൂണ്ടിക്കാട്ടി പറഞ്ഞു. ജനങ്ങൾക്ക് പ്രതികരിക്കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പ്. അതിന്റെ കടയ്ക്കൽ കത്തിവയ്ക്കാനാണ് ഒറ്റ തെരഞ്ഞെടുപ്പ് നടത്താൻ നീക്കം നടത്തുന്നത്.