കോഴിക്കോട്: ഇന്ത്യയുടെ 79-ാ മത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം വനം മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിക്കും. 15 ന് രാവിലെ 8.40ന് വിക്രം മൈതാനിയിൽ ആരംഭിക്കുന്ന ചടങ്ങിൽ മന്ത്രി ദേശീയ പതാക ഉയർത്തും. പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച ശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകും. പരേഡ് ചടങ്ങുകൾക്കായി രാവിലെ 8.40ന് പരേഡ് ബേസ് ലൈനിൽ അണിനിരക്കും. ഒമ്പത് മണിക്ക് മന്ത്രി എ കെ ശശീന്ദ്രൻ ദേശീയ പതാക ഉയർത്തും. പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച ശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകും.
സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ജില്ലയിലെ ഒരുക്കങ്ങൾ ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗിന്റെ അദ്ധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗം വിലയിരുത്തി. പരേഡിൽ പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ഫയർ ആൻഡ് റെസ്‌ക്യൂ, എൻ.സി.സിയുടെ വിവിധ വിഭാഗങ്ങൾ, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, റെഡ്‌ക്രോസ്, എസ്.പി.സി തുടങ്ങിയ വിഭാഗങ്ങളുടെ പ്ലാറ്റൂണുകൾ അണിനിരക്കും. പരേഡിനു ശേഷം ജില്ലയിലെ മൂന്ന് സ്‌കൂളുകളിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ നടക്കും. പരേഡുകളുടെ അന്തിമ ഡ്രസ്സ് റിഹേഴ്‌സൽ ഇന്ന് വിക്രം മൈതാനിയിൽ നടക്കും. യോഗത്തിൽ എ.ഡി.എം.പി.സുരേഷ്, പോലീസ്, പൊതുമരാമത്ത്, റവന്യൂ തുടങ്ങി വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.