കൽപ്പറ്റ: പൂതാടി ശ്രീനാരായണ ഹയർസെക്കൻഡറി സ്‌കൂൾ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് കരാറുകാരൻ സന്തോഷ് ബാബു ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സ്‌കൂൾ മാനേജർ എൻ.കെ ഷാജി, കൺവീനർ കെ.കെ ധനേന്ദ്രൻ എന്നിവർ കൽപ്പറ്റയിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്‌കൂളിലെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് കരാറുകാരന് പണം നൽകിയില്ലെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഇത് തീർത്തും അടിസ്ഥാനരഹിതമാണ്. കരാർ പ്രകാരമുള്ള മുഴുവൻ തുകയും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. സ്‌കൂളിനെയും എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേയും അപകീർത്തിപ്പെടുത്തുന്നതിന്‌വേണ്ടിയാണ് സന്തോഷ് ബാബുവും ഒരു സംഘം ആളുകളും നിരന്തരം പ്രചാരണം നടത്തുന്നത്. വ്യാജ പ്രചാരണങ്ങൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 2010 മുതൽ കടമായി നൽകിയ 5 ലക്ഷം രൂപ ഉൾപ്പെടെ നിർമ്മാണ കരാറിലുള്ള തുകയും അടക്കം ചെക്ക് മുഖേനയാണ് നൽകിയിട്ടുള്ളത്. കൃത്യമായരേഖകൾ ഉണ്ടെന്നിരിക്കെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. 2020 ഓഗസ്റ്റ് 3 ന് നടന്ന ആദ്യ ടെൻഡറിൽ അഞ്ച്‌പേർ പങ്കെടുത്തിരുന്നു. ആ ടെൻഡറിൽ പങ്കെടുക്കാതിരുന്ന സന്തോഷ് ബാബു കൂടിയ നിരക്കിലാണ് ടെൻഡർ നടത്തിയതെന്നും വേണ്ടത്ര പരസ്യം നൽകിയില്ലെന്നും റീ ടെൻഡർ നടത്തണമെന്ന് ആവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയോട് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 2020 സെപ്തംബർ 11ന് വീണ്ടും ടെൻഡർ നടത്തി. 1,10,67000രൂപയ്ക്കാണ് സന്തോഷ് ബാബു ടെൻഡർ ചെയ്തത്. ഇതിൽനിന്നും രണ്ട് ശതമാനം കുറച്ച് 1,0852520 രൂപയ്ക്ക് അദ്ദേഹം ടെൻഡർ ഉറപ്പിച്ചു. 2020 ഒക്ടോബർ 27 ന് ശാഖ അഡ്മിനിസ്‌ട്രേറ്റർ കെ.കെ ധനേന്ദ്രനുമായി സന്തോഷ് ബാബു കരാറിൽ ഒപ്പിട്ടു. സെക്യൂരിറ്റി ഡെപ്പോസിറ്റ് സമയത്ത് നൽകിയ ഇ.എം.ഡി തുക 2 ലക്ഷവും ബാക്കി രണ്ട് ലക്ഷം രൂപ നിർമ്മാണ പ്രവർത്തിയുടെ ബില്ലിൽ നിന്നും കുറവ് ചെയ്ത് സഹായിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. 100 ശതമാനവും പ്രവൃത്തി പൂർത്തിയാക്കേണ്ട കാലാവധി 10 മാസമായി കരാറിൽ നിശ്ചയിച്ചിരുന്നു. 2020 നവംബർ 11ന് പണി ആരംഭിച്ചു. എന്നാൽ കരാറുകാരൻ സമയബന്ധിതമായി പണിപൂർത്തിയാക്കിയില്ല. നിർമ്മാണ പ്രവർത്തികളുടെ ഓരോ ഘട്ടത്തിലും സൈറ്റ് എൻജിനീയറും കോൺട്രാക്ടറും ബുക്കിൽ ഒപ്പിട്ടു നൽകിയിട്ടുണ്ട്. നൽകാനുള്ള തുക പൂർണ്ണമായും നൽകിയിട്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. വാർത്താസമ്മേളനത്തിൽ കമ്മിറ്റി അംഗങ്ങളായ ഉണ്ണികൃഷ്ണൻ മാവറ, പൂവത്തിങ്കൽ രാമകൃഷ്ണൻ എന്നിവരും പങ്കെടുത്തു.