കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഇന്നലെ നടന്നത് മൂന്ന് മോഷണശ്രമങ്ങൾ. പേരാമ്പ്രയിൽ പൂട്ടിക്കിടന്ന വീട്ടിലും നടക്കാവ് കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റിലും കള്ളൻതോട് എസ്.ബി.ഐ എ.ടി.എമ്മിലുമാണ് മോഷണശ്രമമുണ്ടായത്. പൊലീസിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിൽ കളൻതോടിലെയും നടക്കാവിലെയും മോഷണശ്രമങ്ങൾ തടയാനായി. കളളൻതോട് എസ്.ബി.ഐ എ.ടി.എം കുത്തിതുറന്ന് പണം മോഷ്ടിക്കാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് പിടികൂടി. ചൊവ്വാഴ്ച പുലർച്ചെ 2.30 ഓടെയാണ് സംഭവം.

വെസ്റ്റ് ബംഗാൾ സ്വദേശിയായ ബാബുൽ ഹക്ക് (26) നെയാണ് കുന്ദമംഗലം പൊലീസിന്റെ നെെറ്റ് പട്രോളിംഗ് സംഘം പിടികൂടിയത്. പൊലീസ് സംഘം എ.ടി.എമ്മിന്റെ ഷട്ടറിൽ മുട്ടിയപ്പോൾ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് ഷട്ടറിൽ ശക്തിയായി മുട്ടിയപ്പോൾ പ്രതി പുറത്തേക്ക് വരികയായിരുന്നു. എ.ടി.എം പൊളിക്കാനായി ഗ്യാസ് കട്ടറുൾപ്പെടെ ഇയാളുടെ കെെവശമുണ്ടായിരുന്നു. എ.ടി.എമ്മിൽ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് കുന്ദമംഗലം പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കൺസ്യൂമർ ഫെഡിന് കീഴിലുള്ള നടക്കാവിലെ ഔട്ട്ലെറ്റിൽ മോഷണശ്രമമുണ്ടായത്. ഷട്ടറുകൾ പൊളിക്കാൻ ശ്രമിക്കുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാരന്റെ ശ്രദ്ധയിൽപെട്ടതോടെ മോഷണശ്രമം നടന്നില്ല. മുഖം മറച്ച് പൂട്ടുപൊളിക്കാനുള്ള കട്ടറുൾപ്പെടെയുള്ള സാമഗ്രികളുമായാണ് രണ്ട് പേർ ഇവിടെയെത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായി. മോഷണം തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെ ഇവർ ആക്രമിച്ചു. ശബ്ദം കേട്ട് തൊട്ടടുത്തുള്ള വീട്ടുകാർ എത്തിയതോടെ ഇവർ കടന്നുകളഞ്ഞു. സംഭവത്തിൽ നടക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.