സുൽത്താൻബത്തേരി: വീടിന് സമീപം സ്വകാര്യ വ്യക്തിയുടെ വയലിൽ മേയാൻവിട്ട പോത്തിനെ കടുവ കൊന്നതോടെ ഓടപ്പള്ളം പുതുവീട് കാട്ടുനായ്ക്ക ഉന്നതിക്കാർ ഭീതിയിലായി. കഴിഞ്ഞദിവസമാണ് മേയാൻവിട്ട പോത്തിനെ കടുവ കൊന്നത്. കടുവയുടെ ആക്രമണം നടക്കുമ്പോൾ പോത്തിന്റെ സമീപത്തായി ഉന്നതിയിലെ രാജന്റെ മകൾ
സമീപത്തുണ്ടായിരുന്നെങ്കിലും കാടിറങ്ങിയെത്തിയ കടുവ പോത്തിനെ പിടികൂടി കൊല്ലുകയായിരുന്നു. ആൾ അടുത്തുണ്ടായിട്ടുപോലും കടുവ വളർത്തുമൃഗത്തെ കൊന്ന സാഹചര്യത്തിൽ വീടുകൾക്ക് സമീപത്തുള്ള തൊഴുത്തിലെ
വളർത്തുമൃഗങ്ങൾക്ക് നേരെ ഏത് സമയവും ആക്രമണം ഉണ്ടാകുമെന്ന ഭയമാണ് ഉന്നതിക്കാർക്കുള്ളത്. കന്നുകാലികളെ വളർത്തിയാണ് ഭൂരിപക്ഷം കുടുംബങ്ങളും ജീവിതം മുന്നോട്ട് പോകുന്നത്. വനത്തോട് ചേർന്നാണ് കാട്ടുനായ്ക്ക് ഉന്നതിയെന്നതിനാൽ രാപ്പകൽ വ്യത്യാസമില്ലാതെ ഇവിടെയുള്ളവർ കടുവയെ കാണാറുമുണ്ട്. ഉന്നതിയിലെ വീടുകളോടെ ചേർന്ന് പലപ്പോഴും കടുവയെ കാണാറുണ്ടെന്നുള്ളതും ഇവരെ കടുത്ത ഭീതിയിലാക്കുന്നു. കൃഷിയും മറ്റ് ജോലികളും കുറവായതിനാൽ ബാങ്ക് ലോണടക്കം എടുത്താണ് മിക്കവരും കാലികളെ വാങ്ങിയിരിക്കുന്നത്. ഇവയെ കടുവ പിടികൂടികൊല്ലുക കൂടിചെയ്താൽ തിരിച്ചടവും വീട്ടുചെലവുമെല്ലാം പ്രതിസന്ധിയിലാകും.