കോഴിക്കോട്: കോർപ്പറേഷനിലെ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ തുടർന്ന് മുന്നണികൾ. സാങ്കേതിക പ്രശ്നം മാത്രമെന്ന് എൽ.ഡി.എഫ് വിശദീകരിക്കുമ്പോൾ സി.പി.എമ്മിന്റെ നേതൃത്വത്തിൽ നടത്തിയ ക്രമക്കേടാണെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു. കോഴിക്കോട് കോർപ്പറേഷനിൽ 25,000 ത്തിലധികം വ്യാജ വോട്ടുകളുണ്ടെന്ന്
ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ പറഞ്ഞു. കോർപ്പറേഷൻ പരിധിയിൽ ഒരേ ഐ.ഡി കാർഡ് നമ്പറും ഒരേ പേരുമുള്ള 1642 വോട്ടുകളുണ്ട്. കഴിഞ്ഞ തവണ 26 വോട്ടിന് യു.ഡി.എഫ് പരാജയപ്പെട്ട ആഴ്ചവട്ടം ഡിവിഷനിൽ ഇത്തരത്തിലുള്ള 41 വോട്ടുകളുണ്ട്. ബാലുശ്ശേരി അസംബ്ലി മണ്ഡലത്തിൽ ഒരേ ഐ.ഡി നമ്പറിൽ, രണ്ട് വ്യത്യസ്ത പേരുകളുള്ള 1800 വോട്ടുകളും തിരുവള്ളൂർ പഞ്ചായത്തിൽ 250 വോട്ടുകളും കണ്ടെത്തി. ബാലുശേരി അസംബ്ലിയിലുൾപ്പെട്ട 50 പേർക്ക് കോർപ്പറേഷനിൽ വോട്ടുണ്ട്. ക്രമക്കേടുകളിൽ തെളിവ് സഹിതം കോർപ്പറേഷനിലും റിട്ടേണിംഗ് ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ഇത്തരം ശ്രമങ്ങളെ എന്ത് വിലകൊടുത്തും തടയുമെന്ന് ഡി.സി.സി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കെ.സി അബു, എം.രാജൻ, പി.എം അബ്ദുറഹിമാൻ, സെെഫ് തെെക്കണ്ടി എന്നിവർ പങ്കെടുത്തു.
സാങ്കേതിക പ്രശ്നം മാത്രമെന്ന് എൽ.ഡി.എഫ്
കോർപ്പറേഷനിലെ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് യു.ഡി.എഫും മുസ്ലീം ലീഗും ബി.ജെ.പിയും നടത്തുന്ന ആരോപണങ്ങളെല്ലാം ശുദ്ധ അസംബന്ധവും ഗൂഢാലോചനയുമാണെന്ന് എൽ.ഡി.എഫ് കോർപ്പറേഷൻ കമ്മിറ്റി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 2024 ജൂലായിലെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക് പ്രകാരം കോർപ്പറേഷനിൽ 4,54,739 വോട്ടർമാരാണുള്ളത്. വാർഡ് വിഭജനത്തിന് ശേഷവും 76 വാർഡുകളായപ്പോഴും വോട്ടർമാരുടെ എണ്ണത്തിൽ മാറ്റമുണ്ടായിട്ടില്ല. മാറാട് ഡിവിഷനിലെ 49/49 എന്ന കെട്ടിട നമ്പറിൽ 327 പേർക്ക് വോട്ട് ലഭിച്ചതും 00 എന്ന നമ്പറിൽ നിരവധി പേർക്ക് വോട്ട് ലഭിച്ചതും സാങ്കേതികമായ പ്രശ്നമാണ്. സ്വന്തമായി വീടില്ലാത്തവർക്കും വോട്ടവകാശമുണ്ട്. അവർക്ക് 00 എന്ന് വീട്ടുനമ്പർ നൽകുന്നത് സ്വാഭാവികമാണ്. അർഹരല്ലാത്ത ഒരു പേരുപോലും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ക്രമക്കേട് നടത്തി ജയിക്കേണ്ട ദുരവസ്ഥ എൽ.ഡി.എഫിനില്ലെന്നും ഡെപ്യൂട്ടി മേയർ സി.പി മുസാഫിർ അഹമ്മദ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ പി.കെ നാസർ, ടി.നിഖിൽ, പി.കിഷൻചന്ദ്, പി.ടി ആസാദ്, എം.കെ അബ്ദുൾ അസീസ്, സുർജിത് സിംഗ് എന്നിവർ പങ്കെടുത്തു.
സാങ്കേതിക പ്രശ്നമെന്ന ന്യായീകരണം കുറ്റസമ്മതം: മുസ്ലിം ലീഗ്
കോഴിക്കോട്: ഇല്ലാത്ത കെട്ടിടനമ്പറിലും 00 എന്ന നമ്പറിലും കൂട്ടത്തോടെ വോട്ടർമാരെ ചേർത്തതും ഒറ്റ കെട്ടിട നമ്പറിൽ നൂറുക്കണക്കിന് വോട്ടർമാർ ഇടംപിടിച്ചതുമെല്ലാം സാങ്കേതിക പ്രശ്നമാണെന്ന സി.പി.എം നേതാക്കളുടെ വാർത്താ സമ്മേളനം കുറ്റസമ്മതമെന്ന് മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി. യു.ഡി.എഫ് സ്വാധീന വാർഡുകളിൽ വ്യാപകമായി വർഷങ്ങൾക്കുമുമ്പേ താമസം മാറിയവർ വോട്ടർപട്ടികയിൽ നിലനിൽക്കെ നിയമസഭ, തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇത്തരക്കാരെ വോട്ടർ പട്ടികയിൽ നിലനിർത്താൻ ആണ് ശ്രമമെന്നും സി.പി.എം ആരോപിക്കുന്നു. യു.ഡി.എഫ്, എൽ.ഡി.എഫ് എന്ന വേർതിരിവില്ലാതെ വോട്ടർ പട്ടികയിലെ ക്രമക്കേടാണ് മുസ്ലീം ലീഗ് ഉന്നയിച്ചത്. വോട്ടർപട്ടിക കുറ്റമറ്റതല്ലെന്ന് സി.പി.എം തന്നെ സമ്മതിക്കുകയാണെന്നും വരും ദിവസങ്ങളിൽ ജില്ലയിലെ കൂടുതൽ ക്രമക്കേടുകൾ പുറത്തുവിടുമെന്നും ജില്ലാ പ്രസിഡന്റ് എം.എ റസാഖ്, ജനറൽ സെക്രട്ടറി ടി.ടി ഇസ്മയിൽ എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.