കോഴിക്കോട്: വംശനാശം നേരിടുന്ന ജീവികളുടേത് ഉൾപ്പെടെ അപൂർവ ചിത്രങ്ങളുമായി ആർട്ട് ഗ്യാലറിയിൽ 'ത്രസം 2025' വന്യജീവി ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു. രാവിലെ 10 മുതൽ 7 വരെയാണ് പ്രദർശനം. നാളെ സമാപിക്കും. മനുഷ്യ വന്യജീവി സംഘർഷത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളും വംശനാശ ഭീഷണി നേരിടുന്ന നക്ഷത്രത്തവളയും മലമുഴക്കി വേഴാമ്പലുമെല്ലാം പ്രദർശനത്തെ ആകർഷകമാക്കുന്നു. പൃത്ഥി റൂട്ട് കോഴിക്കോട്, പൃത്ഥി പരിസ്ഥിതി കൂട്ടായ്മ, ആർ.കെ.മിഷൻ എച്ച്.എസ്.എസ്, കോഴിക്കോട് വനം വകുപ്പ് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പ്രദർശനം. പെരിയാർ ടെെഗർ കൺസർവേഷൻ ഫൗണ്ടേഷൻ അസി.നേച്ചർ എഡ്യുക്കേഷൻ ഓഫീസർ സുനിൽ സി.ജി, ദി ഹിന്ദു ബംഗളൂരു അസി.ജനറൽ മാനേജർ ദിജീഷ് വലിയാട്ടിൽ, ചങ്ങാനാശ്ശേരി സെന്റ് ബെർക്ക്മാൻസ് കോളേജ് അസി. പ്രൊഫ. ഡോ. അരവിന്ദ് കെ എന്നിവരുടെ ചിത്രങ്ങളാണുളളത്. ഓരോ ചിത്രത്തിലെയും വന്യജീവികളെ കുറിച്ച് ക്യു ആർകോഡ് സ്കാൻ ചെയ്ത് കൂടുതൽ വിവരങ്ങളറിയാം. ഗജദിനത്തോടനുബന്ധിച്ച് തുടങ്ങിയതിനാൽ ആനകളുടെ മനോഹരമായ വിവിധ ദൃശ്യങ്ങളുണ്ട്. സിംഹവാലൻ കുരങ്ങ്, മയിൽ, സാംബാർ ഡീർ, ഗൗർ തുടങ്ങിയവയുടെ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്.
എൻഡ് ലെസ് എക്സ്പ്രഷൻ
ആർട്ട് ഗ്യാലറിയിൽത്തന്നെ എൻഡ് ലെസ് എക്സ്പ്രഷൻ എന്ന പേരിൽ 19 വരെ വിവിധ ചിത്രകാരന്മാരുടെ ചിത്രപ്രദർശനവുമുണ്ട്. പേരാമ്പ്രയിലെ ദി ക്യാംപിന്റെ ആഭിമുഖ്യത്തിലാണിത്. ആർ. ബാലകൃഷ്ണൻ, അഭിലാഷ് തിരുവോത്ത്, അനുപമ അവിട്ടം, അതുൽ മേപ്പയൂർ, ഋതുപർണ്ണ രാജീവ് തുടങ്ങി 22 പേരുടെ ചിത്രങ്ങളുണ്ട്. ജനിമൃതികളെ ഒരേ ക്യാൻവാസിലൊതുക്കിയ ചിത്രങ്ങളും യാന്ത്രിക ജീവിതത്തിൽ പുറംപൂച്ചുമാത്രമായ പരിസ്ഥിതി സ്നേഹത്തിന്റെയും മറ്റും ശ്രദ്ധേയമായ ചിത്രങ്ങളുണ്ട്.