ബാലുശ്ശേരി: കോഴിക്കോട് - ബാലുശ്ശേരി റോഡും കൊയിലാണ്ടി - താമരശ്ശേരി സംസ്ഥാന പാതയും ചേരുന്ന ബാലുശ്ശേരി മുക്കിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് വർഷം രണ്ടാകുന്നു. ഇത് നന്നാക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ നന്നാക്കിയിട്ടില്ല. കടകളടച്ചാൽ പിന്നെ ഈ ഭാഗം നേരം പുലരും വരെ കൂരിരുട്ടിലാണ്. ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് എത്തുന്നവരും പ്രഭാത സവാരിക്കാരും പത്രവിതരണക്കാരും വെളിച്ചമില്ലാതെ ബുദ്ധിമുട്ടുകയാണ്. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യവും ഏറെയാണ്. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ച തറയ്ക്ക് ചുറ്റും കാട് കയറിക്കിടക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ റോഡ് ക്രോസ് ചെയ്യുമ്പോൾ പെട്ടന്ന് കാണാൻ കഴിയില്ലെന്നും നാട്ടുകാർ പറയുന്നു. പ്രധാനമായും ഹൈമാസ്റ്റ് ലൈറ്റിൻ്റെ നേരെ താഴെ റോഡുകൾ ചേരുന്നിടത്ത്
പൊളിഞ്ഞ് കിടക്കുകയാണ്. ലൈറ്റ് ഇല്ലാത്തതിനാൽ വാഹനങ്ങളിലെ വെളിച്ചം കൊണ്ടുമാത്രം കുഴി കാണാനാവില്ല.
ദിവസങ്ങൾക്ക് മുമ്പ് ഒന്നര കിലോമീറ്റർ അകലെ ബാലുശ്ശേരി ബ്ലോക്ക് റോഡ് ജംഗ്ഷനിൽ റോഡിലെ കുഴിക്കരികിൽ ബൈക്ക് യാത്രക്കാർ റോഡിൽ വീണ് ലോറി കയറി രണ്ടുപേരും മരിച്ചിരുന്നു. എത്രയും പെട്ടന്ന് ഹൈമാസ്റ്റ് ലൈറ്റ് നന്നാക്കുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ബാലുശ്ശേരി മുക്കിലെ ഹൈമാസ്റ്റ് ലൈറ്റ് ഉടൻ നന്നാക്കണം. ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് നിത്യേന നിരവധി രോഗികളും മറ്റും എത്തുന്ന സ്ഥലം കൂടിയാണിത്. ഏറെ തിരക്കുള്ള ഇവിടെ അപകടമുണ്ടാവാതിരിക്കാൻ അധികൃതർ
അടിയന്തിര നടപടികൾ സ്വീകരിക്കണം
ഭരതൻ പുത്തൂർ വട്ടം, സംസ്ഥാന ജനറൽ സെക്രട്ടറി, കേരള മദ്യനിരോധന സമിതി