കുന്ദമംഗലം: അങ്ങാടിയിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പൊതുസ്റ്റേജ് നവീകരണം പൂർത്തിയാവുന്നു. ഇനി വേണ്ടത് ടെമ്പോ-ടാക്സി സ്റ്റാന്റിന് അനുയോജ്യമായ പാർക്കിംഗ് സ്ഥലമാണ്. ടാക്സിവാഹനങ്ങൾ നിർത്തിയിടാൻ പുതിയ സ്ഥലം കണ്ടെത്തുകയെന്നതാണ് പ്രധാനപ്രശ്നം.
വർഷങ്ങളായി ടെമ്പോ ടാക്സി ആംബുലൻസ് തൊഴിലാളികൾ വാഹനങ്ങൾ നിർത്തിയിടുന്നത് ദേശീയപാതക്കരികിലെ പൊതുസ്റ്റേജിന്റെ മുമ്പിലെ സ്ഥലത്തായിരുന്നു. പൊതുസ്റ്റേജിൽ പരിപാടികൾ നടക്കുമ്പോൾ മറ്റ് സ്ഥലങ്ങളിലേക്ക് വാഹനങ്ങൾ മാറ്റിയിടുകയായിരുന്നു പതിവ്. എന്നാൽ പൊതു സ്റ്റേജും പരിസരവും ആധുനിക സൗകര്യങ്ങളോടെ നവീകരിച്ചതിനാൽ ടെമ്പോ ടാക്സി ഡ്രൈവർമാർ പ്രതിസന്ധിയിലായിരിക്കുകയാണ്. ബ്ലോക്ക് പഞ്ചായത്ത് 80 ലക്ഷം രൂപ ഉപയോഗിച്ചാണ് പൊതു സ്റ്റേജും പരിസരവും നവീകരിക്കുന്നത്. പ്രവൃത്തി ഏതാണ്ട് പൂർത്തിയായികൊണ്ടിരിക്കുകയുമാണ്.
സ്റ്റേജിനോടനുബന്ധിച്ച് മേക്കപ്പിനുള്ള വിശാലമായ മുറിയും ശുചിമുറിയും ഒരുക്കികഴിഞ്ഞു. സ്റ്റേജിന് മുൻവശത്ത് കാണികൾക്ക് വെയിലും മഴയുമേൽക്കാതിരിക്കാനുള്ള പ്രത്യേക മേൽക്കൂരയും പണിതു. ചുറ്റും സംരക്ഷണമതിലുകളും ടൈൽവിരിയും നടക്കുന്നുണ്ട്. കാണികൾക്കുള്ള ഇരിപ്പിടങ്ങൾകൂടി തയ്യാറാവുമ്പോൾ സ്വാഭാവികമായും ടാക്സി വാഹനങ്ങൾ ഓഡിറ്റോറിയത്തിന് അകത്തോ മുമ്പിലോ നിർത്തിയിടാൻ കഴിയാതെ വരും.
മുമ്പ് വല്ലപ്പോഴും മാത്രമേ ഇവിടെ പരിപാടികളുണ്ടായിരുന്നുള്ളു. പരിപാടികൾ സംഘടിപ്പിക്കുമ്പോൾ സ്റ്റേജിന് മുമ്പിൽ പന്തൽ ഒരുക്കാൻ വൻ തുക ചെലവാകുന്നതായിരുന്നു കാരണം. എന്നാൽ സുരക്ഷിതമായ മേൽക്കൂരയും സൗകര്യപ്രദമായ സ്റ്റേജും വരുന്നതോടെ മിക്കദിവസങ്ങളിലും ഇവിടെ പരിപാടികളോ ഉണ്ടാവുമെന്നുറപ്പാണ്.
ഏറെ വർഷങ്ങളായി ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ തുടങ്ങിയിട്ടെന്നും അങ്ങാടിയിൽ അനുയോജ്യമായ സ്ഥലം അധികൃതരാണ് ഒരുക്കിത്തരേണ്ടതെന്നുമാണ് ടാക്സിഡ്രൈവർമാർ പറയുന്നത്.