കോഴിക്കോട്: പൊട്ടിപ്പൊളിഞ്ഞ് ഏതുസമയവും നിലംപൊത്താറായ പടുകൂറ്റൻ വാട്ടർടാങ്ക് പൊളിച്ചു നീക്കണമെന്ന
നാട്ടുകാരുടെ വിലാപത്തിന് വർഷം ഒന്നര വർഷത്തെ പഴക്കമുണ്ട്. ഉപയോഗ ശൂന്യമായിക്കിടക്കുന്നതാണ് വാട്ടർ ടാങ്കിന് താഴെയാണ് പൂളാടിക്കുന്നിലെ കാരന്നൂർ എ.എൽ.പി സ്‌കൂൾ. 42 വർഷം മുൻപ് നിർമിച്ച വാട്ടർ ടാങ്ക് അപകടാവസ്ഥയിലായി ഒന്നരവർഷം പിന്നിട്ടിട്ടും പൊളിച്ചു നീക്കാത്തതിൽ പ്രതിഷേധവും ശക്തമാണ്. അഞ്ച് ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കാണിത്. 15 മീറ്റർ ഉയരമുള്ള സംഭരണിയുടെ കോൺക്രീറ്റ് തൂണുകൾക്ക് ബലക്ഷയമുണ്ട്. തൂണുകളിൽ വിള്ളലും പലയിടത്തായി കോൺക്രീറ്റുകൾ പൊട്ടി ഇരുമ്പുകമ്പികൾ പുറത്ത് കാണാവുന്ന അവസ്ഥയാണ്.
മൊകവൂർ, എലത്തൂർ എന്നീ ഭാഗങ്ങളിലേക്കുള്ള ശുദ്ധജലവിതരണം ലക്ഷ്യമിട്ടാണ് ടാങ്ക് നിർമിച്ചത്. ബലക്ഷയം ശ്രദ്ധയിൽപെട്ടതോടെ സംഭരണിയിലേക്ക് വെള്ളം പമ്പ് ചെയ്യുന്നില്ല. അപകടാവസ്ഥ ശ്രദ്ധയിൽപെട്ടപ്പോൾ ടാങ്ക് പൊളിച്ചുമാറ്റി പുതിയത് നിർമിക്കാൻ സർക്കാരിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഒന്നര വർഷം മുൻപ് പ്രവർത്തനമവസാനിപ്പിച്ചിട്ടും ടാങ്ക് പൊളിച്ചുനീക്കാത്തതിന് കാരണം അധികൃതരുടെ അനാസ്ഥയെന്നാണ് പ്രദേശവാസികളുടെ ആരോപണം. ടാങ്ക് എത്രയും പെട്ടെന്ന് പൊളിച്ചുമാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസ് എരഞ്ഞിക്കൽ ലോക്കൽ കമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്.
ടെൻഡർ 10 ദിവസത്തിനകം, ഒന്നരമാസത്തിനകം പൊളിച്ചു നീക്കും
ടാങ്ക് പൊളിക്കാനുള്ള ടെൻഡർ 10 ദിവസത്തിനകം സമർപ്പിക്കും. ഒന്നരമാസത്തിനകം സ്‌കൂളിന് ഭീഷണിയായുള്ള വാട്ടർ ടാങ്ക് പൂർണമായും പൊളിച്ചുമാറ്റുമെന്നാണ് കോർപ്പറേഷൻ അധികൃതർ പറയുന്നത്. നിലവിലെ ടാങ്ക് പൊളിച്ചുമാറ്റി പുതിയ ടാങ്ക് പണിയാനാണ് കോർപ്പറേഷന്റെയും വാട്ടർ അതോറിറ്റിയുടെയും തീരുമാനം. ഇതിനായി മൂന്ന് കോടിയുടെ ഫണ്ട് വകയിരുത്തിയിട്ടുണ്ട്.
''കോർപ്പറേഷന്റെ ഇടപെടലിനെത്തുടർന്നാണ് വാട്ടർ അതോറിറ്റി ഇവിടേക്കുള്ള പമ്പിംഗ് അവസാനിപ്പിച്ചത്. ജല അതോറിറ്റിയുടെ കാലതാമസമാണ് ടാങ്ക് പൊളിക്കുന്ന പ്രവൃത്തി ഇത്രയും നീണ്ട് പോകാൻ കാരണം. എത്രയും പെട്ടെന്ന് ടാങ്ക് പൊളിച്ചുനീക്കും.
എടവഴിപീടികയിൽ സഫീന, എരഞ്ഞിക്കൽ വാർഡ് കൗൺസിലർ