പിടികൂടിയത് എട്ട് ലക്ഷത്തിന്റെ എം.ഡി.എം.എ
കോഴിക്കോട്: ഓണവിപണി ലക്ഷ്യമിട്ട് കോഴിക്കോട്ടേക്ക് വൻതോതിൽ രാസലഹരി എത്തിക്കുന്ന സംഘത്തിലെ ഒരാൾ പിടിയിൽ. ബംഗളൂരുവിൽ നിന്ന് കാറിൽ എം.ഡി.എം.എ കടത്തിക്കൊണ്ടു വന്ന് വിൽക്കുന്ന രണ്ട് പേരിൽ ഒരാളാണ് പിടിയിലായത്. കൂടെയുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടു.മാത്തോട്ടം സ്വദേശി തുലാമുറ്റം വയൽ, ലൈല മൻസിൽ ടി.വി മുഹമ്മദ് ഷഹദിനെയാണ് (37) മാത്തോട്ടം ചാക്കിരിക്കാട് പറമ്പ് റോഡിൽ നിന്ന് സിറ്റി നാർക്കോട്ടിക്ക് സെൽ അസി. കമ്മിഷണർ കെ.എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും എസ്.ഐ നൗഷാദിന്റെ നേതൃത്വത്തിലുള്ള ബേപ്പൂർ പോലീസും ചേർന്ന് പിടികൂടിയത്. ഇയാളിൽ നിന്ന് 236.080 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. വിപണിയിൽ ഇതിന് എട്ട് ലക്ഷത്തോളം വിലവരും. മൊബൈൽ ഫോണുകളും ലഹരി കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.
ഓണം വിപണി ലക്ഷ്യമിട്ടാണ് ലഹരി കൊണ്ടുവന്നത്. ബേപ്പൂർ, മാത്തോട്ടം, അരക്കിണർ ഭാഗത്തെ യുവാക്കളെ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ ലഹരി വിൽപന. ഡാൻസാഫും സിറ്റി പൊലീസും ചേർന്ന് കോഴിക്കോട് സിറ്റിയിൽ പരിശോധന കർശനമാക്കിയിരുന്നു. എൻ.ഡി.പി.എസ് കേസിൽപ്പെട്ട് ജാമ്യത്തിലിറങ്ങിയ ആളുകളെ നിരീക്ഷിച്ചതിനിടെയാണ് അന്വേഷണം ഷഹദിലെത്തിയത്. ഡാൻസാഫ് ടീം ഒരാഴ്ചയായി നടത്തിയ നിരീക്ഷണത്തെ തുടർന്നാണ് ഇയാൾ പിടിയിലായത്.
ജാമ്യത്തിലിറങ്ങി ലഹരിക്കച്ചവടം
ഡൽഹി, ബംഗളൂർ എന്നിവിടങ്ങളിൽ നിന്നും കോഴിക്കോട്ടേക്ക് ലഹരി കടത്തുന്ന മാഫിയയിലെ മുഖ്യ കണ്ണിയാണ് ഷഹദ്. 2003ൽ പയ്യാനക്കൽ സ്വദേശികളായ മൂന്നു പേർക്ക് ഡൽഹിയിൽ നിന്നും ലഹരിമരുന്ന് വാങ്ങാൻ ഇടപാട് നടത്തിയത് ഇയാളാണ്. ഇതിൽ ഷഹദ് അറസ്റ്റിലായതിനെ തുടർന്ന് ഒന്നര വർഷം ജയിലായിരുന്നു. ജാമ്യത്തിലിറങ്ങി വീണ്ടും ലഹരിക്കച്ചവടം തുടങ്ങി. കുന്നംകുളം സ്റ്റേഷനിൽ ഇയാളുടെ പേരിൽ കളവുകേസുണ്ട്. ഓടിപ്പോയ ഫായിസിനെ പിടികൂടാൻ തെരച്ചിൽ ഊർജ്ജിതമാക്കിയതാതി ബേപ്പൂർ ഇൻസ്പെക്ടർ ആർ.സുരേഷ്കുമാർ പറഞ്ഞു. ഡാൻസാഫ് ടീമിലെ എസ്.ഐ മാരായ മനോജ് എടയേടത്ത്, അബ്ദുറഹ്മാൻ കെ, ബേപ്പൂർ സ്റ്റേഷനിലെ എ.എസ്.ഐമാരായ ദിപ്തിലാൽ, മുജീബ് റഹ്മാൻ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.