വടകര: സർവീസ് റോഡുകൾ നിർമ്മിച്ച് ഗതാഗതം സുഗമമാക്കാതെ നാട്ടുകാർക്ക് യാത്രാ ദുരിതം വരുത്തി വച്ചവർക്കെതിരെ റോഡിലിറങ്ങിയുള്ള പ്രക്ഷോഭങ്ങൾക്കൊരുങ്ങി വിവിധ രാഷ്ട്രീയ പാർട്ടികളും വ്യാപാര വ്യവസായ സംഘടനകളും.
ഡൽഹിയിലും കലക്ട്രേറ്റിന് മുന്നിലും ദേശീയ പാതയിലും സമരത്തിന് നേതൃത്വം കൊടുക്കുമെന്ന് ഷാഫി പറമ്പിൽ എം.പി യും വടകര എം.എൽ.എ കെ.കെ.രമയും പറഞ്ഞു. വടകര മർച്ചൻസ് അസോസിയേഷൻ ജനകീയ കൺവെൻഷൻ നടത്തി സമരത്തിന് ആഹ്വാനം ചെയ്തു.
ദേശീയപാത വികസനം നടക്കുമ്പോൾ നിലവിലുള്ള ഗതാഗതവും ചരക്ക് മാറ്റവും തടസപ്പെടാതിരിക്കാൻ അപ്രോച്ച് റോഡുകൾ നിർമ്മിക്കേണ്ടതുണ്ട്. ഇത്തരത്തിൽ ഒരു മുന്നൊരുക്കവുമില്ലാതെ ദേശീയപാതയിൽ മണിക്കൂറുകൾ ഗതാഗതക്കുരുക്കുണ്ടാകുന്ന രൂപത്തിലാണ് ആദ്യം മുതൽ പണി നടന്നത്. മറ്റു റീച്ചുകളിൽ റോഡ് പൂർത്തിയായിട്ടും മാസങ്ങൾക്കുള്ളിൽ അവസാനിക്കേണ്ട പണി വടകര റീച്ചിൽ മാത്രം എങ്ങുമെത്താത്ത അവസ്ഥ തുടരുന്നതാണ് നാട്ടുകാരെ പ്രകോപിതരാക്കുന്നത്. നഗരത്തിലേയും വിവിധ പ്രദേശങ്ങളിലേയും കച്ചവടത്തെയും നന്നേ ബാധിച്ചിട്ടുണ്ട്. നിരവധി വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടി. നൂറുകണക്കിന് സ്ഥാപനങ്ങൾ തകർച്ചയുടെ വക്കിലാണ്. എന്നിട്ടും പണിയേറ്റെടുത്ത കമ്പനികൾ അനങ്ങാപ്പാറ നയം തുടരുകയാണ്.
അപ്രോച്ച് റോഡുകൾ മുഴുവൻ കുണ്ടും കുഴിയും ചെളിയും നിറഞ്ഞ് അപകടങ്ങൾ പതിവാണ്. റോഡിന് സമാന്തരമായി ഡ്രെയിനേജുകളുടെ പണിയും നടത്തിയിട്ടില്ല. സബ്കോൺട്രാക്ടർ കമ്പനിയായ വഗാഡ്, കോൺട്രാക്ട് എടുത്ത അദാനി ഗ്രൂപ്പ്, കേന്ദ്ര ഗതാഗത മന്ത്രി എന്നിവരെയെല്ലാം നിരവധി തവണ സമീപിച്ചുവെന്നാണ് നാട്ടുകാരും രാഷ്ട്രീയ നേതാക്കളും പറയുന്നത്.
ഭൂപ്രകൃതിയും കാലാവസ്ഥയും മുൻകൂട്ടി കാണാതെ നിലവിലുള്ള റോഡുകൾ പൊളിച്ചെറിഞ്ഞ് ജനങ്ങളുടെ യാത്ര സൗകര്യത്തെ വർഷങ്ങളോളം ദുരിത പൂർണ്ണമാക്കിയവർക്കെതിരെ വരുംദിനങ്ങളിൽ ദേശീയപാതകേന്ദ്രീകരിച്ച് വിവിധ പ്രക്ഷോഭങ്ങൾക്കാണ് അരങ്ങൊരുങ്ങുന്നത്.
" കേന്ദ്രമന്ത്രിയെ ആവർത്തിച്ച് കണ്ട് ധരിപ്പിച്ചിട്ടും കാര്യങ്ങൾ നേരെ ആവാത്ത സാഹചര്യത്തിൽ. ജനങ്ങൾ സമരത്തിന് ഇറങ്ങുമ്പോൾ ജനപ്രതിനിധി എന്ന നിലയിൽ മുന്നിൽ നിൽക്കേണ്ടി വരും"
ഷാഫി പറമ്പിൽ എം.പി വടകര പാർലമെൻ്റ് മണ്ഡലം
" ദേശീയ പാത നിർമാണവുമായി നിരുത്തരവാദപരമായ പ്രവർത്തനം നടത്തിയ കരാർ കമ്പനികളെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തണം. അവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണം. മറ്റു റീച്ചുകളിൽ നടന്നതുപോലെ പണി പൂർത്തീകരിക്കണം. " കെ.കെ രമ എം.എൽ.എ വടകര
" ഒച്ചിഴയുന്ന വേഗമുണ്ടായിരുന്ന റോഡ് പണി ഇപ്പോൾ നിർത്തിവെക്കുന്ന സാഹചര്യമാണുള്ളത്. എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും പിന്തുണയോടെ നാട്ടുകാർ പ്രക്ഷോഭത്തിനിറങ്ങുകയാണ് "
എം.അബ്ദുൽസലാം വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹി