മാനന്തവാടി: മാനന്തവാടി വില്ലേജ് ഓഫീസറായിരുന്ന പീച്ചങ്കോട് തയ്യത്ത് എസ്. രാജേഷ് കുമാറിനെ ഫോണിൽ ഭീഷപ്പെടുത്തിയാളുടെ പേരിൽ മാനന്തവാടി പൊലീസ് കേസെടുത്തു. മാനന്തവാടി കുഴിനിലം കരിയങ്ങാട്ടിൽ ഹൗസ് ഷമീറിന്റെ പേരിലാണ് കേസ്. ജൂലായ് 25നും 26നുമിടയിലായിരുന്നു കേസിനാസ്പദമായ സംഭവം. അനധികൃതമായി മണ്ണു നികത്തിയതിന് മണ്ണുമാന്തിയന്ത്രം കസ്റ്റഡിയിലെടുത്ത് പിഴയിടാക്കിയ സംഭവത്തിലാണ് ഷമീർ രാജേഷിനെ ഫോണിൽ ഭീഷണിപ്പെടുത്തിയത്. കാസർകോടിലേക്ക് സ്ഥലം മാറ്റുമെന്നും നേരിൽ വന്നു കാണുമെന്നൊക്കെയാണ് ഭീഷണിയുണ്ടായിരുന്നത്. സംഭവത്തെപ്പറ്റി അന്വേഷിക്കണമെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് രാജേഷ് മുതിർന്ന റവന്യു ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നു. മൂന്നാഴ്ച മുമ്പ് പരാതി നൽകിയിരുന്നെങ്കിലും വെള്ളിയാഴ്ചയാണ് പൊലീസ് കേസെടുത്തത്. സംഭവത്തെപ്പറ്റി അന്വേഷിക്കാൻ കഴിഞ്ഞയാഴ്ച കളക്ടർ ജില്ലാ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തിയിരുന്നു. അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ മാനന്തവാടി ഭൂരേഖ തഹസിൽദാർക്കും നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് മാനന്തവാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.