കൽപ്പറ്റ: വാഹന പെരുപ്പവും റോഡുകളുടെ അസൗകര്യവും ജില്ലയിൽ രൂക്ഷമായ ഗതാഗതകുരുത്തിന് കാരണമാകുന്നു. കോഴിക്കോട് കൊല്ലകൽ ദേശീയപാത 766 കടന്നുപോകുന്ന ടൗണുകളിൽ ആണ് കൂടുതൽ ഗതാഗതക്കുരുക്ക്. ബത്തേരി, മീനങ്ങാടി,കൽപ്പറ്റ ,മുട്ടിൽ തുടങ്ങിയ സ്ഥലങ്ങളിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്. വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവരുടെ വാഹനങ്ങൾ കൂടുതൽ എത്തിയാൽ രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. ഇത് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായുള്ള അവധി ഉൾപ്പെടെ കണക്കിലെടുത്ത് കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നും നിരവധി വിനോദസഞ്ചാരികളാണ് ജില്ലയിലേക്ക് എത്തിയിരുന്നത്. ഇതേ തുടർന്ന് മുത്തങ്ങ മുതൽ ലക്കിടി വരെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതാണ് കണ്ടത്. ബത്തേരി, മീനങ്ങാടി, കൽപ്പറ്റ ടൗണുകളിലാണ് കൂടുതൽ കുരുക്ക് അനുഭവപ്പെട്ടത്. ഗുണ്ടൽപേട്ടയിൽ സൂര്യകാന്തിയും ചെണ്ടുമല്ലിയും വിരിഞ്ഞത് കാണാൻ മലയാളികൾ കർണാടകയിലേക്കും എത്തുന്നുണ്ട്. ഇതും ദേശീയപാതയിൽ ഗതാഗതക്കുരുക്കിന് കാരണമായി. കൽപ്പറ്റയിൽ അടുത്തിടെ ഉണ്ടായ ഏറ്റവും രൂക്ഷമായ ഗതാഗതക്കുരുക്ക് കൈനാട്ടിയിൽ നിന്നും കൽപ്പറ്റ ചുങ്കം ജംഗ്ഷനിലേക്ക് പലരും വാഹനവുമായി എത്തിയത് 20 മിനിറ്റിൽ കൂടുതൽ സമയമെടുത്താണ്. വാഹന പെരുപ്പും കാരണം ട്രാഫിക് ജംഗ്ഷനിലെ സിഗ്നൽ പൊലീസ് ഓഫാക്കി. അത്രയ്ക്കും രൂക്ഷമായ ഗതാഗതക്കുരുക്കാണ് ശനിയാഴ്ച അനുഭവപ്പെട്ടത്. കൈനാട്ടി ജംഗ്ഷനിലും ബൈപ്പാസ് ജംഗ്ഷനിലുമായി 15 ഓളം പൊലീസുകാർ നിന്നാണ് ഗതാഗതം നിയന്ത്രിച്ചത്. ചെറുതും വലുതുമായ വാഹനങ്ങൾ ഒരുമിച്ച് എത്തിയതോടെ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി. സമയത്തിന് ഓടിയെത്താൻ കഴിയാതെ സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും പകുതി വഴിയിൽ യാത്രക്കാരെ ഇറക്കി തിരികെപോകുന്ന കാഴ്ചയും നഗരത്തിൽ കാണാനായി. നഗരത്തിലെ ഗതാഗതക്കുരുക്ക് കഴിക്കാനായി നിർമ്മിച്ച ബൈപ്പാസിലാണ് ശനിയാഴ്ച കൂടുതൽ കുരുക്ക് അനുഭവപ്പെട്ടത്. ബൈപ്പാസിലെ ഹോട്ടലിനു മുൻപിൽ വിനോദസഞ്ചാരികളുടെ വാഹനങ്ങൾ നിർത്തിയിട്ടതോടെ ബൈപ്പാസിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. പൊലീസ് എത്തിയാണ് ഇവിടെയും ഗതാഗതം നിയന്ത്രിച്ചത്.
ബത്തേരിയിലും മീനങ്ങാടിയിലും
ബൈപ്പാസ് നിർമ്മിക്കണം
കൽപ്പറ്റ: ദേശീയപാത കടന്നുപോകുന്ന സുൽത്താൻ ബത്തേരിയിലും മീനങ്ങാടിയിലും ബൈപ്പാസ് നിർമ്മിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. അതിരൂക്ഷമായ ഗതാഗത തടസമാണ് ഇരു ടൗണുകളിലും നിലവിൽ അനുഭവപ്പെടുന്നത്. ബത്തേരിയിൽ നിലവിൽ മിനി ബൈപ്പാസ് ഉണ്ട്. അതുതന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതുവരെയും പൂർത്തിയായിട്ടുമില്ല. നഗരത്തിലെ കുരുക്കിൽ പെടാതെ എളുപ്പത്തിൽ കടന്നുപോകുന്നതിന് 5 കിലോമീറ്റർ ദൈർഘ്യമുള്ള ബൈപ്പാസിന് നേരത്തെ മുതൽ ശുപാർശ ഉണ്ടായിരുന്നു. ഐഡിയൽ സ്‌കൂളിന് സമീപത്തു നിന്നും ആരംഭിച്ച് മൂലങ്കാവിന് സമീപം തിരുനെല്ലിയിൽ അവസാനിക്കുന്ന തരത്തിലാണ് ബൈപ്പാസിന് നേരത്തെ പദ്ധതി തയ്യാറാക്കിയിരുന്നത്. നിലവിൽ ചുങ്കം ജംഗ്ഷനിൽ നിന്നും ആരംഭിച്ച് കോടതി പരിസരത്ത് സമാപിക്കുന്ന തരത്തിലുള്ള മിനി ബൈപ്പാസാണ് നിലവിൽ ഏക ആശ്രയം.
പനമരം പാലവും
ഗതാഗതക്കുരുക്കിൽ
പനമരം: ജില്ലയിലെ തന്നെ ഏറ്റവും വലിയ പാലങ്ങളിൽ ഒന്നായ പനമരം വലിയ പാലത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം. പാലത്തിന് ആവശ്യമായ വീതിയില്ലാത്തതാണ് പ്രശ്നം. ഏഴ് പതിറ്റാണ്ടുകൾക്ക് മുൻപാണ് പനമരം പുഴയ്ക്ക് കുറുകെ പാലം നിർമ്മിച്ചത്. കാൽനട യാത്രക്കാരാണ് പാലത്തിൽ കൂടുതൽ പ്രയാസപ്പെടുന്നത്. ഒരേസമയം റോഡിന് ഇരുവശവും കൂടുതൽ വാഹനങ്ങൾ എത്തിയാൽ കാൽനടയാത്രക്കാർക്ക് നടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിച്ചതാണ് കൂടുതൽ പ്രശ്നമാകുന്നത്. പാലത്തിന് ഇരുഭാഗത്തും കാൽനടയാത്രക്കാർക്ക് ആയി നടപ്പാത നിർമ്മിക്കണമെന്ന് വർഷങ്ങളായുള്ള ആവശ്യമായിരുന്നു. പാലത്തിൽ മാത്രമല്ല പനമരം ടൗണിലും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.