കോഴിക്കോട്: പശ്ചിമഘട്ടത്തിൽ രണ്ട് പുതിയ നിഴൽത്തുമ്പികളെ കണ്ടെത്തി. ഇരുണ്ട വനങ്ങളിൽ കാണുന്നതിനാലാണ് ഈ പേരു വന്നത്. തിരുവനന്തപുരം ആര്യനാട്, മഹാരാഷ്ട്രയിലെ സിന്ധുദുർഗ്ഗിലും കണ്ടെത്തിയ തുമ്പികൾക്ക് ചോപ്പൻ നിഴൽത്തുമ്പി, കൊങ്കൺ നിഴൽത്തുമ്പി എന്നീ പേരുകൾ നൽകി. ബ്രിട്ടീഷ് ഗവേഷകൻ ഡോ. എഫ്.സി.ഫ്രേസർ നീലഗിരി കുന്നുകളിൽ നിന്ന് കണ്ടെത്തിയ ചെമ്പൻ നിഴൽത്തുമ്പിയോടാണ് പുതിയ തുമ്പികൾക്ക് സാമ്യം. പ്രധാന നിറം, പിൻകഴുത്തിന്റെയും ചെറുവാലുകളുടെയും ജനനേന്ദ്രിയത്തിന്റെയും ആകൃതി എന്നിവ വ്യത്യസ്തമാണ്. ജനിതകമായും വ്യത്യാസമുണ്ട്. ഡോ. വിവേക് ചന്ദ്രൻ, റെജി ചന്ദ്രൻ (സൊസൈറ്റി ഫോർ ഓഡോണേറ്റ് സ്റ്റഡീസ്, കേരളം), ഡോ. ദത്തപ്രസാദ് സാവന്ത് (ഇന്ത്യൻ ഫൗണ്ടേഷൻ ഫോർ ബട്ടർഫ്‌ളൈസ്), ഡോ.പങ്കജ് കൊപാർഡെ (എം.ഐ.ടി വേൾഡ് പീസ് യൂണിവേഴ്സിറ്റി, പൂനെ), ഹേമന്ത് ഒഗലെ, അഭിഷേക് റാണെ (മഹാരാഷ്ട്രയിലെ പ്രകൃതിനിരീക്ഷകർ), ഡോ. കൃഷ്ണമേഖ് കുണ്ടെ (നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസ്, ബംഗളൂരു) എന്നിവരടങ്ങുന്ന ഗവേഷകസംഘമാണ് കണ്ടെത്തിത്. പഠനം സൂടാക്സ എന്ന അന്താരാഷ്ട്ര ജേർണലിൽ പ്രസിദ്ധീകരിച്ചു.
വെെവിദ്ധ്യമുള്ള ധാരാളം നിഴൽത്തുമ്പികൾ പശ്ചിമഘട്ടത്തിലുണ്ട്. വനങ്ങളുടെ ആരോഗ്യ സൂചകങ്ങളായ ഇവയെ പറ്റി കൂടുതൽ പഠനവും സംരക്ഷണ പ്രവർത്തനങ്ങളും നടത്തണം.
-ഡോ. വിവേക് ചന്ദ്രൻ