kurukkk-
അ​ര​യി​ട​ത്ത്‌​പാ​ലം​ ​-​ ​സ​രോ​വ​രം​ ​റോ​ഡി​ലു​ണ്ടാ​യ​ ​ഗ​താ​ഗ​ത​ക്കു​രു​ക്ക്

കോഴിക്കോട്: പെരുമഴയും റോഡിന്റെ ശോചനീയാവസ്ഥയും മൂലം നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം.

മാവൂർ റോഡ്, പന്തീരങ്കാവ്, മാങ്കാവ്, അരയിടത്തുപാലം, എരഞ്ഞിപ്പാലം, സി.എച്ച് ഫ്ലെെ ഓവർ, കാരപ്പറമ്പ് തുടങ്ങിയ ഭാഗങ്ങളിലെല്ലാം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഓണക്കാല വിപണികൾ സജീവമായതോടെ നഗരത്തിലേക്കെത്തുന്ന വാഹനങ്ങളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. പ്രധാന കേന്ദ്രങ്ങളിലെല്ലാം ട്രാഫിക് പൊലീസിന്റെ സാന്നിദ്ധ്യമുണ്ടെങ്കിലും വാഹനത്തിരക്ക് ഒഴിവാക്കാനാകുന്നില്ല. മാവൂർ റോഡ്, എരഞ്ഞിപ്പാലം ഭാഗങ്ങളിൽ മാനാഞ്ചിറ - വെള്ളിമാട്കുന്ന് റോഡിന്റെ നിർമാണ പ്രവൃത്തികൾ നടക്കുന്നതും നഗരത്തിലെ ഇടുങ്ങിയ റോഡുകളുടെ വശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ആക്കം കൂട്ടുന്നുണ്ട്. ഗതാഗതക്കുരുക്കിൽ സമയക്രമം പാലിക്കാനാകാത്തതോടെ കഴിഞ്ഞ ദിവസം മാവൂർ റോഡ് ജംഗ്ഷനിൽ സിറ്റി ബസ് ജീവനക്കാർ തമ്മിൽ സംഘർഷമുണ്ടായിരുന്നു.

റോഡ് തകർന്നതും വെല്ലുവിളി

കുണ്ടും കുഴിയും നിറഞ്ഞ റോഡുകളും ഗതാഗതക്കുരുക്കിന് പ്രധാനകാരണമാണെന്ന് ട്രാഫിക് പൊലീസും പറയുന്നുണ്ട്. നഗരത്തിൽ പുതിയങ്ങാടി - കുണ്ടൂപ്പറമ്പ് റോഡ്, വെെക്കം മുഹമ്മദ് ബഷീർ റോഡ്, മാവൂർ റോഡ് തുടങ്ങിയ റോഡുകളെല്ലാം തകർച്ചയിലാണ്. ദേശീയപാതാ നിർമാണം ഇഴഞ്ഞുനീങ്ങുന്ന അഴിയൂർ - വെങ്ങളം റീച്ചിൽ വിവിധയിടങ്ങളിലായി ഗതാഗതക്കുരുക്ക് രൂക്ഷമാണ്. സർവീസ് റോഡുകളുടെ തകർച്ചയും തുടർച്ചയായ മഴയും പ്രതിസന്ധിയാകുന്നുണ്ട്. അനുവദിച്ച ബസ് സ്റ്റോപ്പുകളിലല്ലാതെ നഗരത്തിലെ പ്രധാന വസ്ത്രവ്യാപാര സ്ഥാപനങ്ങളുടെയും മാളുകളുടെയും മുന്നിൽ ബസ് നിർത്തി ആളുകളെ കയറ്റുന്നതും വാഹനത്തിരക്ക് വർദ്ധിപ്പിക്കുന്നുണ്ടെന്നും ട്രാഫിക് പൊലീസ് പറയുന്നു.

'' നിലവിലുള്ള വാഹനങ്ങളേക്കാൾ പത്തിരട്ടി വരെ വാഹനങ്ങൾ ഓണക്കാലത്ത് നഗരത്തിലേക്കെത്താറുണ്ട്. മുൻപ് ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്ന മാമ്പുഴയിലും ചെറുവണ്ണൂരിലും ഡിവെെഡറുകളും വഴിതിരിച്ച് വിടാനുള്ള സജ്ജീകരണങ്ങളും ചെയ്തപ്പോൾ വലിയ തോതിൽ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി. വാഹനത്തിരക്ക് രൂക്ഷമായ കൂടുതൽ ഇടങ്ങളിൽ ഇത്തരം ക്രമീകരണങ്ങൾ ഏർപ്പെടുത്തും.

സജി കുമാർ (കോഴിക്കോട് സിറ്റി ട്രാഫിക് എസ്.ഐ)