മേപ്പാടി: കള്ളാടി ആനക്കാംപൊയിൽ തുരങ്ക പാതയുടെ നിർമ്മാണം ഉടൻ ആരംഭിക്കുന്നു. തുരങ്കപാത നിർമ്മാണത്തിന്റെ ഭാഗമായി നിർമ്മാണ സാമഗ്രികൾ എത്തിതുടങ്ങി. തൊഴിലാളികൾക്ക് താമസിക്കുന്നതിനുള്ള ഷെൽട്ടറുകൾ കള്ളാടിയിൽ സ്ഥാപിച്ചു. ഈ മാസം 31ന് മുഖ്യമന്ത്രിയാണ് തുരങ്ക പാത നിർമ്മാണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത്. കൂടുതൽ നിർമ്മാണ സാമഗ്രികൾ അടുത്തദിവസം തന്നെ കള്ളാടിയിലും ആനക്കാംപൊയിലിലുമായി എത്തും.
കള്ളാടിയിലും ആനക്കാംപൊയിലിലുമായി സ്ഥലം ഏറ്റെടുക്കൽ നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. കാലാവസ്ഥ അനുകൂലമായാൽ മറ്റ് നടപടികളിലേക്ക് കടക്കും. 31 ന് നടക്കുന്ന ഉദ്ഘാടനം വലിയ ജനപങ്കാളിത്തത്തോടെ നടത്താനാണ് തീരുമാനം. ഇതിനായി മേപ്പാടിയിലും ആനക്കാംപൊയിലിലും സംഘാടക സമിതി പ്രവർത്തനം തുടങ്ങി. മീനാക്ഷി പാലത്തിനു സമീപമാണ് വയനാട് ഭാഗത്ത് പാത അവസാനിക്കുക. ഇവിടെ രണ്ടേക്കർ സ്ഥലത്ത് നിർമ്മാണ സാമഗ്രികൾ സൂക്ഷിക്കുന്നതിനായി യാഡ് നിർമ്മിക്കും. 6. 8കിലോമീറ്റർ ദൈർഘ്യത്തിൽ ഇരട്ട തുരങ്കമാണ് നിർമ്മിക്കുന്നത്. തിരുവമ്പാടിയിൽ നിന്നും താമരശേരി ചുരം വഴി 57 കിലോമീറ്റർ ദൂരമാണ് മേപ്പാടിയിലേക്ക്. ഒന്നര മണിക്കൂർ സമയമെടുത്ത് വേണം യാത്ര ചെയ്യാൻ. അനക്കാംപൊയിലിൽ നിന്നും മറിപ്പുഴവഴി തുരങ്കം നിർമിച്ചാൽ കള്ളാടി വഴി മേപ്പാടിയിലെത്താൻ 15 മിനിറ്റ് യാത്ര മാത്രമേ ആവശ്യമുള്ളൂ. നാലുവർഷം മുൻപ് പദ്ധതിയുടെ ലോഞ്ചിംഗ് മുഖ്യമന്ത്രി നിർവഹിച്ചിരുന്നു. എന്നാൽ അതിനു ശേഷം കാര്യമായ നടപടികളൊന്നും ഉണ്ടായിരുന്നില്ല. അന്ന് മൂന്ന് വർഷത്തിനുള്ളിൽ തുരങ്ക പാത യാഥാർത്ഥ്യമാക്കും എന്നായിരുന്നു പ്രഖ്യാപനം. ടെൻഡർ നടപടികൾ ഉൾപ്പെടെ പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ പ്രവർത്തി ഉദ്ഘാടനം ചെയ്യാൻ പോകുന്നത്.