കോഴിക്കോട്: പഠനത്തോടൊപ്പം പരിസ്ഥിതിയെ സ്നേഹിക്കുന്ന നാലാം ക്ളാസുകാരി ദേവികയുടെ ശബരിമല യാത്രയിൽ ആയിരം വിത്തുണ്ടകൾ കെെവശമുണ്ടാകും. ചാണകവും മണ്ണും വിത്തും കുഴച്ചുള്ള വിത്തുണ്ടകൾ യാത്രയിൽ പലയിടത്തായി വിതറും. ഭാവിയിൽ അവ മരങ്ങളാകും. സംസ്ഥാന സർക്കാറിൻ്റെ വനമിത്ര അവാർഡ് ജേതാവും നിറവ് പരിസ്ഥിതി വിഭാഗം കോ ഓർഡിനേറ്ററുമായ ദേവികയുടെ നാലാമത്തെ ശബരിമല യാത്രയാണിത്. ഇതിൻ്റെ ഉദ്ഘാടനവും യാത്രയയപ്പും ഇന്നലെ മാത്തോട്ടം കല്യാണിക്കാവിൽ നടന്ന കെട്ടുനിറ ചടങ്ങിൽ കോഴിക്കോട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ കെ.എൻ.ദിവ്യ നിർവഹിച്ചു. വനമിത്ര അവാർഡ് കരസ്ഥമാക്കിയ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ആദ്യത്തെ വ്യക്തിയാണ് ദേവിക. മണ്ണും ചാണകവും മഞ്ഞളും വളങ്ങളും കൂടി ചേർത്ത ഒരു വിത്തുണ്ടയിൽ നാല് വിത്തുകളുണ്ട്. പതിനായിരത്തിൽ പരം വിത്തിനങ്ങൾ കോഴിക്കോട് സോഷ്യൽ ഫോറസ്റ്റ്ടി റെയിഞ്ചിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ. ബൈജുവാണ് ദേവികക്ക് നൽകിയത്. 2023 ൽ ദേവികയുടെ ഒന്നാമത്തെ ശബരിമല യാത്രയിൽ സന്നിധാനം മുതൽ പമ്പ വരെയുള്ള മടക്കയാത്രയിൽ വഴിയിൽ കണ്ട എല്ലാ പ്ലാസ്റ്റിക് കുപ്പികളും കവറുകളും ശേഖരിച്ച് പമ്പയിലെ മാലിന്യക്കുട്ടയിൽ നിക്ഷേപിച്ചു. രണ്ടാമത്തെ യാത്രയിൽ 40 ചന്ദനത്തെെകൾ 40 ക്ഷേത്രങ്ങളിൽ നട്ട്, 41ാംമത്തെ തൈ മാളികപ്പുറം മേൽശാന്തിക്ക് കൈമാറി. മൂന്നാമത്തെ യാത്രയിൽ വനം വകുപ്പ് നെയിം ബോർഡ് സ്ഥാപിച്ച 28 ഓളം വൻ മരങ്ങൾ നിരീക്ഷിച്ച് പഠനംനടത്തി.