വടകര: സംസ്ഥാനപാതയിൽ വള്ളിക്കാട് യുവാവിന്റെ മരണത്തിനിടയാക്കിയ സംഭവത്തിലെ കാര്‍ വടകര പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാവിനെ ഇടിച്ചുതെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയ കെ.എല്‍ 77 സി.8089 നമ്പര്‍ ഇന്നോവ കാര്‍ ഏറാമലയില്‍ നിന്നാണ് അന്വേഷണ സംഘം കണ്ടെടുത്തത്. ഫോറൻസിക് സംഘം വടകര പൊലീസ് സ്റ്റേഷനിൽ എത്തി കാർ പരിശോധന നടത്തി. കഴിഞ്ഞ ഏഴാം തിയതിയാണ് വള്ളിക്കാട് കപ്പൊയില്‍ സുകൃതത്തില്‍ അമല്‍കൃഷ്ണയെ ഇന്നോവ കാര്‍ ഇടിച്ചുവീഴ്ത്തിയത്. സാരമായി പരിക്കേറ്റ അമല്‍കൃഷ്ണ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കിടെ 13ന് മരണപ്പെട്ടു. പെരിങ്ങത്തൂരിലെ പരിശോധനയിലാണ് ഇന്നോവ കാറിനെ കുറിച്ച് സൂചന ലഭിച്ചതും കസ്റ്റഡിയിലെടുത്തതും. ഉള്ളിയേരി സ്വദേശിയാണ് ഉടമയെങ്കിലും കടമേരി സ്വദേശിയാണ് വാഹനം ഓടിച്ചതെന്ന് പൊലീസ് അറിയിച്ചു. കടമേരി സ്വദേശിയുടെ ഏറാമലയിലെ ഭാര്യ വീട്ടില്‍ നിന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. അപകടസമയത്തെ ഫോണ്‍ ലൊക്കേഷന്‍ വിവരങ്ങള്‍ ഉള്‍പെടെ പൊലീസ് ശേഖരിച്ചിരുന്നു. ആര്‍.സി ഉടമയേയും കാര്‍ ഓടിച്ച കടമേരി സ്വദേശിയേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും ഓടിച്ചയാൾ ഇതേവരെ ഹാജരായിട്ടില്ല. ഇയാൾ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം. ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. റൂറല്‍ എസ്പി കെ.ഇ.ബൈജുവിന്റെ നേതൃത്വത്തിലായിരുന്നു അന്വോഷണം.