രാമനാട്ടുകര: ദുരിതത്തിൽ നിന്ന് കരകയറാതെ രാമനാട്ടുകര ബസ് സ്റ്റാൻഡ്. അസൗകര്യങ്ങളുടെ നടുവിൽ നിൽക്കുന്ന സ്റ്റാൻഡിൽ യഥാസമയം അറ്റകുറ്റ പണി ചെയ്യാൻ പോലും ആരും ശ്രദ്ധിക്കുന്നിലെന്നാണ് യാത്രക്കാരുടെ പരാതി. സ്റ്റാൻഡിൽ റൺവേ പൊട്ടിപ്പൊളിഞ്ഞ് കരിങ്കൽ ചീളുകൾ യാത്രക്കാരുടെ ദേഹത്തേക്ക് തെറിക്കുക പതിവാണ്. സംസ്ഥാനത്തെ ആദ്യ സ്വകാര്യ സംരംഭമായ രാമനാട്ടുകര ബസ് സ്റ്റാൻഡിൽ ശുചിത്വ കാര്യങ്ങൾ, സ്റ്റാൻഡ് ഫീ പിരിവ്, ശുചിമുറി നടത്തിപ്പ് എന്നിവ നഗരസഭയും മറ്റു അടിസ്ഥാന സൗകര്യങ്ങൾ കെട്ടിട ഉടമകളും ഒരുക്കണമെന്നാണു കരാർ. എന്നാൽ സൗകര്യങ്ങൾ ഒരുക്കാതെ ബന്ധപ്പെട്ടവർ സ്റ്റാൻഡിനെ അവഗണിക്കുകയാണെന്ന പരാതിയാണു യാത്രക്കാർക്കും നാട്ടുകാർക്കും. സ്റ്റാൻഡിൽ ബേ സംവിധാനം ഇല്ല അതിനാൽ ബസുകൾ തോന്നിയ പോലെ നിർത്തിയാണ് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. കുഴികൾ ഒഴിവാക്കി പലവഴിക്കു ബസുകൾ വരുന്നതു സ്റ്റാൻഡിൽ അപകട സാദ്ധ്യത ഉയർത്തുന്നുണ്ട്.
കുഴികൾ അടയ്ക്കാൻ മുനിസിപ്പാലിറ്റിയും അറ്റകുറ്റ പണി ചുമതലയുള്ളവരും തയ്യാറായിട്ടില്ല. മഴ പെയ്തതോടെ കുഴി വലുതായി. ഈ കുഴികൾ താണ്ടിവേണം ബസുകൾ സ്റ്റാൻഡ് കടക്കാൻ. ഇതുകാരണം പല ബസുകളും സ്റ്റാൻഡിൽ കയറാതെ ദേശീയപാത വഴി തിരിച്ചുപോവുകയാണ്. തൃശൂർ, എറണാകുളം, കോട്ടയം, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ദീർഘ ദൂര ബസുകൾ സ്റ്റാൻഡിനെ പാടെ മറന്ന മട്ടാണ്. കോഴിക്കോട്ടേക്ക് വരുന്ന ബസുകൾ മാത്രമാണ് ഇപ്പോൾ സ്റ്റാൻഡിൽ കയറുന്നത്. സ്റ്റാൻഡിൽ ട്രാഫിക് പൊലീസിന്റെ ടൈമ് പഞ്ചിംഗ് ഉള്ളതുകൊണ്ട് മാത്രമാണ് കോഴിക്കോട് ബസുകൾ സ്റ്റാൻഡിൽ കയറുന്നതെന്ന് നാട്ടുകാർ പറയുന്നു.
മതിയായ സൗകര്യങ്ങളില്ല
നിരവധി യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റാൻഡിൽ 300 ഓളം ബസുകൾ വരുന്നുണ്ട്. രാത്രി എട്ടരയ്ക്ക് ശേഷം ബസുകൾ സ്റ്റാൻഡിലേക്ക് കയറില്ല. യാത്രക്കാർ ബസ് കാത്ത് നിൽക്കുന്ന ഷെൽറ്ററിൽ മതിയായ വെളിച്ച ഇല്ല.12 ഓളം ട്യൂബ് ലൈറ്റുകൾ ഉള്ള സ്ഥലത്ത്ചില ട്യൂബ് ലൈറ്റുകളാണ് കത്തുന്നതെന്നും യാത്രക്കാർ പറയുന്നുണ്ട്. സ്റ്റാൻഡിൽ പല ഭാഗത്തും പ്ലാസ്റ്റിക് അടക്കം ഉള്ള മാലിന്യ നിക്ഷേപ കേന്ദ്രങ്ങളുമുണ്ട് .മഴയായതോടെ പ്ലാസ്റ്റിക് കവറുകളിൽ വെള്ളം കെട്ടി നിന്ന് കൊതുക് ശല്യവും രൂക്ഷമാണ്. മൂത്രപ്പുര വൈകുന്നേരങ്ങളിൽ അടഞ്ഞു കിടക്കുന്നു.ഒറ്റ കാമറപോലും ഇല്ല.കുടിവെള്ള സൗകര്യമില്ല. സ്റ്റാൻഡിനു മുന്നിലെ വാട്ടർ എ.ടി.എം കൗണ്ടർ ഉദ്ഘാടനത്തിനു ശേഷം തന്നെ പണിമുടക്കി. പണം ഇട്ടാൽ കുടിവെള്ളം കിട്ടുന്ന തരത്തിലാണ് നിർമ്മാണം എന്നാൽ ചൂയിങ്ങ്ഗം ഒട്ടിച്ച നാണയം ഇട്ടതോടെ യന്ത്രത്തിന് തകരാർ സംഭവിക്കുകയായിരുന്നു. ഇനിയും നാന്നാക്കിയിട്ടില്ല.