സുൽത്താൻ ബത്തേരി: കഴിഞ്ഞ മൂന്ന് ദിവസമായി തോരാതെ പെയ്ത മഴ നൂൽപ്പുഴയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. മുത്തങ്ങ മന്മഥമൂല റോഡിലൂടെ പുഴ കരകവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതവും നിലച്ചു. കല്ലൂർ പുഴ പലയിടങ്ങളിലും കരകവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ ഇവിടങ്ങളിലുള്ള കൃഷിയിടങ്ങളിൽ പലതും വെള്ളത്തിലായി. പുഴയോട് ചേർന്നുള്ള ഉന്നതികളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. പുഴംകുനി, തോളായി, ചുണ്ടക്കുനി അടക്കമുള്ള ഉന്നതികളാണ് വെള്ളപ്പൊക്കഭീഷണിയിലായിരിക്കുന്നത്. ചെറുതോടുകളടക്കം കരകവിഞ്ഞൊഴുകുകയാണ്. ഇതിനോട് ചേർന്നുള്ള നാട്ടികഴിഞ്ഞതും വിതച്ചതുമായ പാടങ്ങളും വെളളത്തിലാണ്. വെള്ളംകുത്തിയൊഴുകി നാട്ടിവെച്ച ഞാറുകളും വിത്തുകളുമെല്ലാം പലയിടങ്ങളിലും കുത്തിയൊഴുകിപോയി. മലവെള്ളത്തോടൊപ്പം മണലും ചെളിയും അടിഞ്ഞും കൃഷികൾ നശിച്ചു. മുത്തങ്ങ ആലത്തൂർ റോഡിൽ വെള്ളംകയറി നിരവധി പ്രദേശങ്ങൾ ഒറ്റപ്പെട്ടു. ഇതോടെ സ്‌കൂൾ വിദ്യാർത്ഥികളെ രക്ഷിതാക്കൾ അതിസാഹസികമായാണ് സ്‌കൂളിലേയ്ക്കും തിരിച്ചും എത്തിച്ചത്. ഈ വർഷംതന്നെ മൂന്ന് മാസത്തിനിടെ ഇത് അഞ്ചാംതവണയാണ് മുത്തങ്ങ ആലത്തൂർ റോഡിൽ വെള്ളംകയറുന്നത്. കല്ലൂർ പുഴകരകവിഞ്ഞ് വെളളം മന്മഥമൂല വയലിലൂടെ ഒഴുകിയാണ് റോഡിലേക്ക് വെള്ളം എത്തുന്നത്. എല്ലാമഴക്കാലങ്ങളിലും ഇവരുടെ അവസ്ഥയിതാണ്. റോഡിൽ വെള്ളംകയറുന്നതോടെ മന്മഥമൂല, ചിറമൂല, അത്തിക്കുനി, കല്ലുമുക്ക്, ചുണ്ടക്കുനി, കുഴിമൂല അടക്കമുള്ള പ്രദേശങ്ങളാണ് ഒറ്റപ്പെടുന്നത്. മെയ് മാസത്തിൽ പെയ്ത മഴയിൽ റോഡിൽ വെള്ളംകയറി നാല് ദിവസമാണ് മേഖല പുറം ലോകവുമായി ഒറ്റപ്പെട്ടത്.
മുത്തങ്ങ മന്മഥമൂല റോഡിലെ കുത്തിയൊലിക്കുന്ന വെള്ളത്തിലൂടെ കുട്ടികളെ രക്ഷിതാക്കൾ മറുകരയെത്തിക്കുന്നു