മാനന്തവാടി: മാനന്തവാടി പി.കെ കാളൻ മെമ്മോറിയൽ കോളജ് ഓഫ് അപ്ലൈഡ് സയൻസിലെ അക്കാദമിക് ബ്ലോക്കിന്റെ രണ്ടാംഘട്ട ഉദ്ഘാടനവും മുന്നാം ഘട്ടത്തിന്റെ തറക്കല്ലിടൽ ചടങ്ങും ബിരുദദാനവും മന്ത്രി ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. സർക്കാറിന്റെ മുൻഗണനാ മേഖലയിലൊന്നാണ് ഉന്നത വിദ്യാഭ്യാസം. 4 വർഷം കൊണ്ട് 6000 കോടി രൂപയുടെ പദ്ധതികളാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആവിഷ്‌കരിച്ചത്. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ആഗോള ഹബ്ബാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളും അതിനനുസരിച്ചുള്ള അടിസ്ഥാന സൗകര്യ വികസനവും നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു അദ്ധ്യക്ഷനായി.

പി.കെ കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസസിൽ 2023 ൽ നിർമാണം ആരംഭിച്ച മൂന്ന് നിലകളുള്ള കെട്ടിടമാണ് ഉദ്ഘാടനം ചെയ്തത്. രണ്ടാം ഘട്ടത്തിൽ ഒരു കോടി രൂപ ചെലവിട്ട് 404.964 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നിർമിച്ച കോളേജ് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ രണ്ട് ക്ലാസ് മുറികളും ഒരു ടോയിലറ്റ് ബ്ലോക്കും രണ്ടാം നിലയിൽ മൂന്ന് ക്ലാസ് മുറികളും ഉൾപ്പെടുന്നു. ഇതിന് പുറമേ മൂന്നാം ഘട്ടത്തിൽ ഇപ്പോൾ തറക്കല്ലിട്ട കെട്ടിടം രണ്ട് നിലകളിലായി 867. 766 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് നിർമിക്കുന്നത്. 3.93 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന ഈ കെട്ടിടത്തിന്റെ സെല്ലാർ ഫ്‌ളോറിൽ മൂന്ന് ക്ലാസ് മുറികളും ആൺകുട്ടികളുടെ ടോയ്ലറ്റ് ബ്ലോക്കും തറ നിലയിൽ പ്രിൻസിപ്പൽ റൂം, റീഡിങ് റൂം, ലൈബ്രറി, റസ്റ്റ് റൂം, സ്റ്റാഫ് റൂം എന്നിവയുമാണ് നിർമിക്കുന്നത്. കോളേജിൽ പഠനം പൂർത്തീകരിച്ച 34 വിദ്യാർത്ഥികൾക്കുള്ള ബിരുദദാന ചടങ്ങും പരിപാടിയിൽ നടന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബ്രാൻ അഹമ്മദ് കുട്ടി, ജില്ലാ പഞ്ചായത്ത് മെമ്പർ കെ. വിജയൻ, വാർഡ് മെമ്പർ ലിസി ജോൺ, ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ. വി.എ അരുൺ കുമാർ, പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജിനീയർ പി. സനില, പി.കെ.കെ.എം.സി.എ.എസ് പ്രിൻസിപ്പൽ ഷീബ ജോസഫ്, മാനന്തവാടി ഗവ. കോളേജ് പ്രിൻസിപ്പൽ ഡോ. അബ്ദുൽ സലാം .കെ, മാനന്തവാടി ബി.എഡ് കോളേജ് കോഴ്സ് ഡയറക്ടർ ഡോ. എം.പി അനിൽ, പി.ടി.എ വൈസ് പ്രസിഡന്റ് ബാബുരാജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കോളജ് പൂർവവിദ്യാർത്ഥി പ്രതിനിധി ജ്യോതിലാൽ, കോളേജ് യൂണിയൻ ചെയർമാൻ ശ്രീഹരി തുടങ്ങിയവർ പങ്കെടുത്തു.