news-
റബ്ബർമരങ്ങളിലെ ഇലകൾ കൊഴിഞ്ഞു വീണ നിലയിൽ.

കുറ്റ്യാടി: കനത്ത മഴയിൽ വലഞ്ഞ് മലയോര മേഖലയിലെ കർഷകർ. മഴ സമയത്ത് കിട്ടാത്തതിനാൽ കുരുമുളക്, ജാതി, ഏലം തുടങ്ങിയ കൃഷികളുടെ ഉത്പാദനക്കുറവ് കർഷകർക്ക് തിരിച്ചടിയായിരുന്നു. ആഗസ്റ്റ് മാസം തുടക്കത്തിൽ തന്നെ പെയ്ത മഴ കാർഷികമേഖലയ്ക്കുണ്ടാക്കിയത് വലിയ നഷ്ടമാണ്. പച്ചക്കറി മുതൽ റബ്ബർ വരെയുള്ള വിളകൾക്ക് കനത്ത തിരിച്ചടിയാണ് ജനുവരിയുടെ തുടക്കത്തിൽ പതിവ് തെറ്റിയെത്തിയ മഴ വരുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബർ, ഡിസംബറിൽ മാസങ്ങളിലുണ്ടായ മഴ പച്ചക്കറികൃഷിയെ ബാധിച്ചിരുന്നു. ഇത് കാരണം കർഷകർ ഏറെ വൈകിയാണ് വിത്തിട്ടത്. തൈകൾ മുളച്ച് കായ്ക്കാൻ പാകമാകുമ്പോൾ എത്തിയ മഴ കൂമ്പ് ചീയലിന് ഇടയാക്കുകയാണ്. താഴ്ന്ന വയലുകളിലെ ചീര അടക്കമുള്ളവയേയും മഴ സാരമായി ബാധിച്ചു. നവംബർ, ഡിസംബർ മാസങ്ങളിലെ തണുപ്പിലാണ് കശുമാവും മാവുമെല്ലാം പൂക്കുന്നത്. എന്നാൽ ഈ വർഷം ഇടക്കിടെ പെയ്ത മഴ മൂലം കാര്യമായ തണുപ്പ് ഉണ്ടായിട്ടില്ല. കശുമാവും മാവും ഇനിയും പൂക്കാൻ വൈകുന്നതിന് ഇത് കാരണമായേക്കാമെന്നാണ് കർഷകർ പറയുന്നത്. റബ്ബറിൻ്റെ ഇലകളും തെങ്ങിലെ മച്ചിങ്ങയും കൊഴിഞ്ഞു വീഴുകയാണ്. മഴ മാറാൻ വൈകിയതിനാൽ ഇക്കുറി തോട്ടങ്ങളിൽ റബ്ബർ ടാപ്പിംഗ് ഏറെ വൈകിയിരുന്നു. ഇലപൊഴിയൽ തുടങ്ങിയതോടെ പാലുത്പാദനം ഏറെ കുറഞ്ഞുവെന്നാണ് കർഷകർ പറയുന്നത്.

" മുൻവർഷങ്ങളിൽ ലഭിച്ചതിന്റെ പാതി പോലും റബ്ബർ ഉത്പാദനം ഇക്കുറിയുണ്ടാകില്ലെന്നാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നവർ പരിതപിക്കുന്നത്. വിലത്തകർച്ചയും തൊഴിലാളി ക്ഷാമവും മൂലം നട്ടംതിരിയുന്ന കർഷകർ കാലാവസ്ഥ കൂടി വില്ലനാകുന്നതോടെ എങ്ങനെ അതിജീവിക്കുമെന്ന ആശങ്കയിലാണ്. "

സോജൻ ആലക്കൽ, കർഷകൻ