മാനന്തവാടി: റൂസ ഗവ. മോഡൽ ഡിഗ്രി കോളേജിന് തൃശ്ശിലേരിയിലെ അഞ്ച് ഏക്കർ സ്ഥലത്ത് കെട്ടിടമൊരുങ്ങും. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ തൃശ്ശിലേരി ഗവ. ഹയർസെക്കൻഡറി സ്‌കൂളിന്റെ കൈവശമുണ്ടായിരുന്ന അഞ്ചേക്കർ ഭൂമി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നു. ഇവിടെ നിർമാണ പ്രവൃത്തികൾ ആരംഭിക്കാനുള്ള വിശദ പദ്ധതി രേഖ, കോണ്ടൂർ സർവെ, മണ്ണ് പരിശോധന എന്നിവ പൂർത്തിയായിവരുന്നു. 30നകം പദ്ധതിയുടെ വിശദ പദ്ധതി രേഖ സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. സർക്കാർ അക്രഡിറ്റഡ് ഏജൻസിയായ എച്ച്.എൽ.എൽ ലൈഫ് കെയറിനെയാണ് നിർമാണപ്രവർത്തനങ്ങൾക്ക് ചുമതലപ്പെടുത്തിയിരിക്കുന്നത്. 12 കോടി രൂപയാണ് കെട്ടിട നിർമാണത്തിനും പശ്ചാത്തല സൗകര്യ വികസനത്തിനുമായി കണക്കാക്കിയിട്ടുള്ളത്. ഇതിന്റെ 60 ശതമാനം വരുന്ന 7.2 കോടി രൂപ കേന്ദ്ര സർക്കാർ കൈമാറുമെന്നും ബാക്കി തുകയും ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള മറ്റ് മുഴുവൻ അക്കാദമിക പ്രവർത്തനങ്ങൾക്കുമുള്ള ഫണ്ടും സംസ്ഥാന സർക്കാർ നൽകണമെന്നതാണ് വ്യവസ്ഥ. നിലവിൽ കേന്ദ്ര വിഹിതത്തിന്റെയും സംസ്ഥാന വിഹിതത്തിന്റെയും 50 ശതമാനം തുകകൾ റൂസ ഫണ്ടിലേക്ക് കൈമാറിക്കഴിഞ്ഞു. കെട്ടിട നിർമാണം പൂർത്തിയാവുംവരെ കാത്തിരിക്കാതെ ഈ അക്കാദമിക വർഷം മുതൽ തന്നെ റൂസ മോഡൽ ഡിഗ്രി കോളേജിൽ ക്ലാസുകൾ ആരംഭിക്കാൻ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പും തീരുമാനിക്കുകയായിരുന്നു. മാനന്തവാടി ഗവ. എൻജിനീയറിംഗ് കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി കോളേജ് പ്രവർത്തിച്ചു തുടങ്ങാനൊരുങ്ങുകയാണ്. 30 സീറ്റുകൾ വീതമുള്ള ബി.എ ഇംഗീഷ്, മലയാളം കോഴ്സുകൾക്ക് പുറമെ 25 സീറ്റുകൾ വീതമുള്ള ബി.എസ്.സി സൈക്കോളജി ആൻഡ് ന്യൂറോ സയൻസ്, ബി.എസ്.സി ജിയോ ഇൻഫർമാറ്റിക്സ് ആൻഡ് റിമോട്ട് സെൻസിംഗ് എന്നിവയും 40 സീറ്റുകളുള്ള ബികോം ഫിനാൻസ് വിത്ത് ഫോറൻസിക് അക്കൌണ്ടിംഗ് കോഴ്സുമാണ് അനുവദിച്ചത്. എല്ലാ കോഴ്സുകൾക്കും കണ്ണൂർ സർവകലാശാലയുടെ അഫിലിയേഷൻ ലഭിച്ചു. നിലവിൽ സർവകലാശാലയുടെ ഏകജാലക പ്രവേശന സംവിധാനത്തിലൂടെ അഡ്മിഷൻ നടപടികൾ പുരോഗമിക്കുന്നു. ഇതിനോടകം 102 വിദ്യാർത്ഥികൾ പ്രവേശനം നേടുകയും ചെയ്തു. ക്ലാസുകൾ താത്കാലികമായി ആരംഭിക്കുന്ന മാനന്തവാടി ഗവ. കോളജ് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്ക് അഞ്ച് ലക്ഷം രൂപ അനുവദിച്ചു. ഈ പ്രവർത്തനങ്ങൾ നിർമിതി കേന്ദ്രയുടെ നേതൃത്വത്തിൽ പൂർത്തിയാക്കി. ഫർണിച്ചർ വാങ്ങുന്നതിന് അഞ്ച് ലക്ഷം രൂപയും കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് അഞ്ച് ലക്ഷം രൂപയും അനുവദിച്ചിട്ടുമുണ്ട്. കൽപ്പറ്റ ഗവ. കോളേജിലെ ഹിസ്റ്ററി വിഭാഗം അദ്ധ്യാപകൻ പി. സുധീർ കുമാറിനാണ് കോളേജ് സ്‌പെഷ്യൽ ഓഫീസറുടെ ചുമതല നൽകിയിരിക്കുന്നത്. ഏഴ് സ്ഥിരം അദ്ധ്യാപക തസ്തികകൾ റൂസ കോളേജിൽ സർക്കാർ അനുവദിച്ചു. ഈ അദ്ധ്യപകർ അടുത്ത ദിവസങ്ങളിൽ ചുമതലയേൽക്കും. ജൂനിയർ സൂപ്രണ്ട്, സീനിയർ ക്ലർക്ക് എന്നിവരെയും നിയമിച്ചിട്ടുണ്ട്. താത്കാലിക ക്ലീനിംഗ് ജീവനക്കാരായി രണ്ട് പേരെ കുടുംബശ്രീ വഴിയും നിയമിച്ചു. നൈറ്റ് വാച്ച്മാൻ, ഓഫീസ് അസിസ്റ്റന്റ് എന്നിവരുടെ നിയമന നടപടികൾ പുരോഗമിക്കുന്നു.