trans
ട്രാൻസ്ജെൻഡർ കലോത്സവം

കോഴിക്കോട്: ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ കലാഭിരുചികൾ പരിപോഷിപ്പിക്കുന്നതിനായി സാമൂഹികനീതി വകുപ്പ് സംഘടിപ്പിക്കുന്ന 'വർണപ്പകിട്ട്' സംസ്ഥാന കലോത്സവം ഇന്ന് മുതൽ 23 വരെ നടക്കും. ഇന്ന് വൈകിട്ട് ആറിന് കണ്ടംകുളം ജൂബിലി ഹാളിൽ മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. മന്ത്രി പി.എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി വൈകിട്ട് നാലിന് നഗരത്തിൽ വർണാഭമായ ഘോഷയാത്രയുണ്ടാകും. കലോത്സവത്തിന്റെ ഭാഗമായ ഏകദിന ഫിലിം ഫെസ്റ്റിവൽ ഇന്ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് വരെ കൈരളി, ശ്രീ തിയറ്ററുകളിൽ നടക്കും. പ്രവേശനം സൗജന്യം. രാവിലെ 10ന് ജൂബിലി ഹാളിൽ ദേശീയ സെമിനാറിന്റെ ഉദ്ഘാടനവും മന്ത്രി ഡോ.ആർ ബിന്ദു നിർവഹിക്കും. ചിത്രരചന, കഥ, കവിത, ഉപന്യാസം രചനാ മത്സരങ്ങളും ഇന്ന് നടക്കും.