nadapatha
അമ്മായിപ്പാലം ചേരിയത്ത് ഖദീജ നടപ്പാതയിൽ മലിനജലം കയറികിടക്കുന്നു

സുൽത്താൻ ബത്തേരി: പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന നടപ്പാതയിൽ മലിനജലം കെട്ടിക്കിടക്കുന്നത് നിരവധി കുടുംബങ്ങളെയാണ് ദുരിതത്തിലാക്കിയത്. സുൽത്താൻ ബത്തേരി നഗരസഭയിൽ അമ്മായിപ്പാലം പഴയ എക്‌സൈസ് ഓഫീസിനു സമീപത്തുകൂടിപോകുന്ന ചേരിയത്ത് ഖദീജ നടപ്പാതയാണ് യാത്രക്കാർക്ക് ദുരിതമായി തീർന്നിരിക്കുന്നത്.

200 മീറ്ററോളം വരുന്ന കോൺക്രീറ്റ് പാത ഉപയോഗിക്കുന്നത് ഏഴ് വീട്ടുകാരാണ്. ഇവർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ ഉപയോഗിക്കുന്ന ഏക മാർഗ്ഗമാണിത്. 35വർഷം പഴക്കമുള്ള പാതപൊട്ടിപൊളിഞ്ഞ അവസ്ഥയിലാണ്. മഴക്കാലത്ത് നടപ്പാത മലിനജലത്താൽ നിറയും. കക്കൂസ് മാലിന്യമടക്കം പാതയിലേക്ക് ഒഴുകുന്നുണ്ടെന്നും കുടുംബങ്ങൾ പറയുന്നു.

എല്ലാമഴക്കാലത്തും ഇവരുടെ അവസ്ഥയിതാണ്. ഇതുകാരണം ജനങ്ങൾ ഒന്നടങ്കം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഇതിലൂടെ സഞ്ചരിക്കുമ്പോൾ വഴുതിവീണ് പരിക്കേൽക്കുന്നത് നിത്യസംഭവമാണെന്നും ഇവിടെയുള്ളവർ പറയുന്നു. മലിനജലത്തിലൂടെയുള്ള യാത്ര പലഅസുഖങ്ങൾക്ക് കാരണമാകുന്നുണ്ട്. വിദ്യാർത്ഥികളടക്കമുള്ളവർ മലിനജലത്തിലൂടെ സഞ്ചരിക്കേണ്ടി വരുന്നതിനാൽ ബുദ്ധിമുട്ടനുഭവിക്കുകയാണ്. അസുഖമായവരെ ചുമലിലേറ്റി കൊണ്ടുപോകേണ്ട അവസ്ഥയാണെന്നുമാണ് കുടുംബങ്ങൾ പറയുന്നത്. ആവശ്യത്തിന് സ്ട്രീറ്റ് ലൈറ്റുകളില്ലാത്തതും ഇവരെ ബുദ്ധിമുട്ടിലാക്കുന്നു.

പാത കോൺക്രീറ്റ് ചെയ്ത് ഉയർത്തി നിലവിലെ പ്രശ്നത്തിന് പരിഹാരം കാണണമെന്ന കുടുംബങ്ങളുടെ ആവശ്യം അധികൃതർ ചെവികൊള്ളുന്നില്ലെന്നാണ് ഇവർ ഉന്നയിക്കുന്നത്.