മൂന്ന് വീടുകളുടെ വാർപ്പ് നടത്തി
കൽപ്പറ്റ: മഴ മാറിയതോടെ ടൗൺഷിപ്പിൽ വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ സജീവമായി. മൂന്ന് വീടുകളുടെ വാർപ്പ് വ്യാഴാഴ്ച നടന്നു. ഒരേസമയം അഞ്ച് സോണുകളിൽ വീടുകളുടെ നിർമ്മാണം നടക്കുന്നുണ്ട്. മാതൃക വീടിന്റെ നിർമ്മാണംനേരത്തെ പൂർത്തിയായിരുന്നു. തുടർച്ചയായി ശക്തമായ മഴ പെയ്തതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കാര്യമായവേഗത ഉണ്ടായിരുന്നില്ല. എന്നാൽ മഴയ്ക്ക് ശമനം ആയതോടെ കൂടുതൽ തൊഴിലാളികളെ ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കുകയാണ്. മാതൃകാ വീടിന് അടുത്തയാണ് മൂന്ന് വീടുകളുടെ വാർപ്പ് നടത്തിയത്. അടുത്ത ആഴ്ച 3 വീടുകൾ കൂടി വാർപ്പ് നടത്താൻ കഴിയും. 5 സോണുകളിലായി 282 വീടുകളുടെ നിലമൊരുക്കൽ പൂർത്തിയായിട്ടുണ്ട്. 410 വീടുകൾ ഡിസംബർ അവസാനത്തോടെ നിർമാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ജനുവരി ആദ്യവാരത്തിൽ തന്നെ മുഴുവൻ വീടുകളും ഗുണഭോക്താക്കൾക്ക് കൈമാറും. 64.67 ഹെക്ടറിൽ ആണ് ടൗൺഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്. വീടുകൾക്ക് പുറമെ അങ്കണവാടി, പൊതു മാർക്കറ്റ്, കമ്മ്യൂണിറ്റി സെന്റർ, മൾട്ടിപർപ്പസ് ഹാൾ, ലൈബ്രറി, കളിസ്ഥലങ്ങൾ തുടങ്ങിയ അനുബന്ധ കെട്ടിടങ്ങളും വൈകാതെ നിർമ്മിക്കും. റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. പദ്ധതി പ്രദേശത്ത് 12 കിലോമീറ്റർ റോഡ് നിർമ്മിക്കും. മണ്ണ് നീക്കി ഒരുക്കിയെടുത്തശേഷം ടാറിംഗ് നടത്തിയാണ് റോഡ് നിർമ്മിക്കുക. ടൗൺഷിപ്പ് ആയുള്ള ഭൂമി ഏറ്റെടുക്കാൻ കാലതാമസം നേരിട്ടതാണ് പുനരധിവാസത്തെ സാരമായി ബാധിച്ചത്. ദുരന്തത്തിനുശേഷം ഏഴുമാസം കഴിഞ്ഞാണ് സ്ഥലം ഏറ്റെടുത്തത്. ഭൂമി ഏറ്റെടുക്കുന്നതിന് നിയമ പ്രശ്നമാണ് ഇത്രയും വൈകാൻ കാരണം. നേരത്തെ 402 ഗുണഭോക്താക്കളുടെ പട്ടികയായിരുന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് 49 പേരെ കൂടി പുനരധിവാസ പട്ടികയിൽ ഉൾപ്പെടുത്തി. ടൗൺഷിപ്പിന് പുറത്ത് വീടുകൾ മതിയെന്ന തീരുമാനത്തിൽ നൂറോളം ഗുണഭോക്താക്കൾ 15 ലക്ഷം രൂപ കൈപ്പറ്റി പദ്ധതിയിൽ നിന്നും പുറത്തുപോയിരുന്നു. ഇപ്പോഴും നൂറോളം പേർ സർക്കാറിന് അപ്പീൽ നൽകി കാത്തിരിക്കുകയാണ്. 300 മുതൽ 350 ഗുണഭോക്താക്കൾ വരെ ടൗൺഷിപ്പ് പദ്ധതിയിൽ ഉണ്ടാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞദിവസം പ്രമുഖ വ്യവസായി എം.എ യൂസഫലി പത്തുകോടി രൂപ പുനരധിവാസ പദ്ധതിക്ക് സർക്കാറിന് കൈമാറിയിരുന്നു. ഈ സാഹചര്യത്തിൽ മികച്ച രീതിയിൽ തന്നെ പുനരധിവാസ പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുതന്നെ പുനരധിവാസം പൂർത്തിയാകുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ചനേട്ടമായി ഉയർത്തിക്കാട്ടാനും സാധ്യതയുണ്ട്.