kalpatta
കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിന് സമീപത്ത് മഴവെള്ളം കുത്തിയൊഴുകി റോഡരികിൽ രൂപപ്പെട്ട ചാല്

കൽപ്പറ്റ: മഴവെള്ളം കുത്തിയൊഴുകിയതോടെ റോഡരികിൽ രൂപപ്പെട്ട ചാല് അപകട ഭീഷണി ഉയർത്തുന്നു. എസ്.കെ.എം.ജെ സ്‌കൂളിന് സമീപം 50 മീറ്ററോളം വരുന്ന ഭാഗത്താണ് ഇത്തരത്തിൽ ചാല് രൂപപ്പെട്ടിട്ടുള്ളത്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽ പെടുന്നതിന് ഇത് കാരണമാകുന്നുണ്ട്. സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നടന്നു പോകുന്ന ഭാഗത്താണ് ഇത്തരത്തിൽ അപകടസാധ്യത നിലനിൽക്കുന്നത്. അപകടസാധ്യത മുന്നിൽകണ്ട് പൊലീസിന്റെ നേതൃത്വത്തിൽ റിബൺ കെട്ടി തടസ്സപ്പെടുത്തിയിട്ടുണ്ടെങ്കിലും രാത്രികാലങ്ങളിൽ അപകടസാധ്യത നിലനിൽക്കുന്നുണ്ട്. രണ്ടുവർഷം മുൻപ് ബൈക്ക് യാത്രക്കാരനായ യുവാവ് അപകടത്തിൽ മരണപ്പെട്ട സ്ഥലമാണിത്. റോഡരികിലെ ഓവുചാൽ മണ്ണും മൂടി അടഞ്ഞതോടെയാണ് മഴവെള്ളം പരന്നൊഴുകാൻ തുടങ്ങിയത്. എസ്.കെ.എം.ജെ സ്‌കൂൾ ഗ്രൗണ്ടിൽ നിന്നു ഉൾപ്പെടെ വെള്ളം റോഡിലേക്കാണ് ഒഴുകുന്നത്. അപകടസാധ്യത ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് നഗരസഭയോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല. നഗര നവീകരണത്തിന്റെ ഭാഗമായി ഈ ഭാഗത്ത് നടപ്പാത നിർമ്മിക്കുമ്പോൾ പ്രശ്നപരിഹാരമാകുമെന്നാണ് നഗരസഭ അധികൃതർ പറയുന്നത്.