photo
വാഴക്കൃഷി കാട്ടുപന്നികൾ നശിപ്പിച്ച നിലയിൽ

ബാലുശ്ശേരി: നാടാകെ കാട്ടുപന്നി ശല്യം കാരണം കൃഷി ചെയ്യാനാവാതെ കർഷകർ. മുൻപ് ഇടവിള കൃഷികളായിരുന്നു നശിപ്പിച്ചതെങ്കിൽ ഇപ്പോൾ തെങ്ങിൽ തൈകളും കമുകിൻ തൈകളുമെല്ലാം നശിപ്പിക്കുകയാണ്. മുൻപ് മലയോര മേഖലയിലായിരുന്നു മുള്ളൻ പന്നികളുടേയും കാട്ടുപന്നികളുടേയും ശല്യം. ഇവിടെ കൃഷികൾ നിർത്തിയതോടെ ഇവ നാട്ടിൻ പുറങ്ങളിൽ എത്തിയിരിക്കുകയാണ്. വാഴ, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ എന്നിങ്ങനെ കൃഷികൾ ഇവ നശിപ്പിച്ചു കഴിഞ്ഞു. തെങ്ങിൻ തൈകളും കമുകിൻ തൈകളും കടിച്ചു വലിച്ച് കുത്തിക്കീറിയും നശിപ്പിക്കുകയാണ്.

തേങ്ങയ്ക്ക് വില കൂടിയതോടെ കർഷകർ തെങ്ങിന് കാര്യമായി വള പ്രയോഗം നടത്തിവരികയായിരുന്നു. എന്നാൽ തെങ്ങിൽ തടങ്ങളെല്ലാം കുത്തിയിളക്കി മറിച്ചിട്ടിരിക്കുകയാണ്. മഴ ശക്തിയായി പെയ്യുമ്പോൾ ഇത് ഒലിച്ചു പോവുകയാണ്. ജൈവ വളം ഉപയോഗിക്കുന്ന കർഷകരുടെ സ്ഥിതി പിന്നെയും കഷ്ടത്തിലാണ്.

കാട്ടുപന്നികൾ കൂട്ടത്തോടെയെത്തി ഇവ തിന്നുകയാണ്.

വട്ടോളി ബസാറിൽ ടി.കെ. ഷാജുവിൻ്റെ നേന്ത്രവാഴ കൃഷിയിൽ ഭൂരിഭാഗവും പന്നികൾ നശിപ്പിച്ചു. തെങ്ങിൻ തൈകളും കമുകിൻ തൈകളും നശിപ്പിച്ചു. സാധാരണയായി വേനൽ കനക്കുന്നതോടെ വെള്ളത്തിന് വേണ്ടിയായിരുന്നു വാഴകൾ നശിപ്പിച്ചിരുന്നത്. എന്നാൽ മഴ ശക്തിയായി പെയ്യുമ്പോഴും വാഴ നശിപ്പിക്കുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

ഒരു കൃഷിയും ചെയ്യാനാവത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി നേന്ത്രവാഴക്കന്നുകളാണ് കാട്ടുപന്നികൾ കൂട്ടമായെത്തി നശിപ്പിച്ചത്. ഇതു കാരണം വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നാട്ടുകാർ പച്ചക്കറികൃഷി പാടെ ഉപേക്ഷിച്ച മട്ടാണ്. കർഷകർ നേരിടുന്ന ഈ ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരം കാണാനാവശ്യമായ നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കണം.

ഷാജു ടി.കെ, യുവ കർഷകൻ