കോഴിക്കോട്: ദേശീയ ബഹിരാകാശ ദിനാഘോഷത്തിന്റെ ഭാഗമായി മേഖലാ ശാസ്ത്ര കേന്ദ്രത്തിൽ ജ്യോതിശാസ്ത്ര ബഹിരാകാശ പ്രദർശനം സംഘടിപ്പിച്ചു. പുരാതന ആകാശം മുതൽ പുത്തൻ ചക്രവാളം വരെ ഭാരതത്തിന്റെ ബഹിരാകാശ പൈതൃകം എന്ന പേരിലുള്ള പ്രദർശനം ഐ.എസ്.ആർ.ഒ മുൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ ജയറാം ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ബഹിരാകാശ സാങ്കേതിക സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ വളർച്ച, ശുഭാംശു ശുക്ലയെ അന്താരാഷ്ട്രബഹിരാകാശ നിലയത്തിൽ എത്തിച്ച ദൗത്യം, ഇന്ത്യയുടെ ദൗത്യമായ ഗഗൻയാൻ തുടങ്ങിയവ പ്രദർശനത്തിലുണ്ട്. മേഖലാ ശാസ്ത്ര കേന്ദ്രം പ്രോജക്ട് കോർഡിനേറ്റർ എം.എം.കെ ബാലാജി ,ടെക്നിക്കൽ ഓഫീസർ ജയന്ത് ഗാംഗുലി പ്രസംഗിച്ചു.