സുൽത്താൻബത്തേരി: നഗരസഭ പരിധിയിലെ 43 കാരനെ അമീബിക് മസ്തിഷ്‌ക ജ്വരംബാധിച്ച് ചികിത്സതേടിയ സാഹചര്യത്തിൽ നരഗസഭയുടെ നേതൃത്വത്തിൽ ഇന്ന് അടിയന്തര യോഗം ചേരും. മുൻകരുതലിന്റെ ഭാഗമായി സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായാണ് ഇന്ന് നഗരസഭ ചെയർപേഴ്സന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെകൂടി ഉൾപ്പെടുത്തി അടിയന്തരയോഗം ചേരുന്നത്. ഇന്നലെ താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ വീട്ടിലും പരിസരങ്ങളിലുമായി ആരോഗ്യവകുപ്പ് ജീവനക്കാർ പനിപരിശോധന നടത്തി. ഇന്ന് രാവിലെ പ്രദേശത്തെ കിണിറിലെയും കുഴൽകിണറിലെയും വെള്ളം ശേഖരിച്ച് പരിശോധനയ്ക്ക് അയ്ക്കുമെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഈ മാസം അഞ്ചിനാണ് പനിയെ തുടർന്ന് നാൽപ്പത്തിമൂന്ന്കാരൻ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രയിൽ ചികിത്സ തേടിയത്. പരിശോധനയിൽ ചെള്ളുപനി കണ്ടെത്തിയിരുന്നു. തുടർ ചികിത്സയിൽ രോഗി മരുന്നുകളോട് പ്രതികരിക്കുകയും ആരോഗ്യനിലതൃപ്തികരമാവുകയും ചെയ്തിരുന്നു. ഇതിനിടയിൽ ഇക്കഴിഞ്ഞ 20 ന് അപസ്മാരമുണ്ടായി. ഇതോടെ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെനിന്നുള്ള പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചത്.