പുൽപ്പള്ളി: കൺസ്യൂമർഫെഡ് ഓണച്ചന്തകളുടെ ജില്ലാതല ഉദ്ഘാടനവും കൺസ്യൂമർഫെഡ് പുൽപ്പള്ളിയിൽ ആരംഭിക്കുന്ന ത്രിവേണി സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടനവും 26 ന് മന്ത്രി ഒ.ആർ. കേളു നിർവ്വഹിക്കും. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ്കുമാർ അദ്ധ്യക്ഷത വഹിക്കും. വയനാട് ജില്ലയിലെ 3ാമത്തെ ത്രിവേണി സൂപ്പർമാർക്കറ്റാണ് പുൽപ്പള്ളിയിൽ ആരംഭിക്കുന്നത്. പുൽപ്പള്ളി താഴെയങ്ങാടിയിലാണ് ത്രിവേണി സൂപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിക്കുന്നത്. പൊതുവിപണിയക്കാൾ വിലക്കുറവിൽ ഗുണനിലവാരമുള്ള നിത്യോപയോഗ സാധനങ്ങളും സ്‌റ്റേഷനറി, കോസ്‌മെറ്റിക്സ് ഉത്പന്നങ്ങളും ലഭ്യമാകുന്ന കൺസ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർമാർക്കറ്റുകളിൽ ഓണക്കാലത്ത് 10 ദിവസത്തേക്ക് ഓണച്ചന്തകളും പ്രവർത്തിക്കും. ഓണക്കാലത്ത് സഹകരണവകുപ്പ് മുഖേനെ കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിൽ വയനാട് ജില്ലയിൽ 3 ത്രിവേണി സൂപ്പർമാർക്കറ്റുകളിലും 31 സഹകരണ സംഘങ്ങളിലുമായി 34 കേന്ദ്രങ്ങളിലാണ് ഓണച്ചന്തകൾ ആരംഭിക്കുന്നത്. 10 ദിവസം നീണ്ടുനിൽക്കുന്ന ഓണച്ചന്തകൾ സെപ്തംബർ 4 വരെ പ്രവർത്തിക്കും. 13 നിത്യോപയോഗസാധനങ്ങൾ സർക്കാർ സബ്സിഡിയോടെ പൊതുവിപണിയെക്കാൾ വിലക്കുറവിൽ ലഭിക്കും. കേരളത്തിലെ വിവിധ സഹകരണസംഘങ്ങൾ കേരകർഷകരിൽ നിന്നും നേരിട്ട് കൊപ്ര ശേഖരിച്ച് ഉത്പാദിപ്പിക്കുന്ന വിവിധ പേരിലുള്ള വെളിച്ചെണകളാണ് ഓണച്ചന്തകളിലൂടെ ജനങ്ങളിലേക്കെത്തുന്നത്. ദിനേശ്, റെയ്ഡ്‌കോ, മിൽമ തുടങ്ങിയ വിവിധ സഹകരണസ്ഥാപനങ്ങളുടെ ഉത്പന്നങ്ങളും പ്രത്യേകം വിലക്കുറവിൽ ഓണച്ചന്തകളിൽ ലഭിക്കും. അതോടൊപ്പം നോൺ സബ്സിഡി ഇനങ്ങളും 10 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ ഓണച്ചന്തകളിൽ ലഭിക്കും. ഒരു ദിവസം 75 പേർക്കാണ് ഓണച്ചന്തകളിൽ നിന്നും സാധനങ്ങൾ ലഭ്യമാകുക. തിരക്ക് ഒഴിവാക്കാൻ സമയമെഴുതിയ കൂപ്പൺ നൽകും. റേഷൻകാർഡ് മുഖേനെ നിയന്ത്രണവിധേയമായാണ് സാധനങ്ങളുടെ വിതരണം ക്രമീകരിച്ചിരിക്കുന്നത്.

ഇനം, അളവ്, വില
1. ജയ അരി - 8 കിലോ -264
2. കുറുവ അരി- 8 കിലോ -264
3. കുത്തരി - 8 കിലോ-264
4. പച്ചരി- 2 കിലോ-58
5. പഞ്ചസാര -1 കിലോ - 34.65
6. ചെറുപയർ - 1 കിലോ - 90
7. വൻകടല- 1 കിലോ - 65
8. ഉഴുന്ന് -1 കിലോ - 90
9. വൻപയർ -1 കിലോ - 70
10. തുവരപ്പരിപ്പ് - 1കിലോ - 93
11. മുളക്കി 1 1 കിലോ - 115.50
12. മല്ലി - 1/2 കിലോ - 40.95
13. വെളിച്ചെണ്ണ -ഒരു ലിറ്റർ - 349