2
പടം: എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ആംബുലൻസ് ആശുപത്രി കെട്ടിടത്തിനടുത്ത് കട്ടപ്പുറത്തായ നിലയിൽ.

നാദാപുരം: നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ നിന്ന് അത്യാസന്ന നിലയിലുള്ള രോഗികളെ വിദഗ്ദ ചികിത്സക്കായി മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോകാനും മറ്റും ആംബുലൻസ് ഇല്ലാത്തത് ദുരിതമാവുന്നു. മുമ്പ് ആശുപത്രിയിൽ ആരോഗ്യ വകുപ്പിൻ്റെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ആംബുലൻസ് ഉണ്ടായിരുന്നത് ഏറെ ആശ്വാസമായിരുന്നു. ഇതിനിടയിൽ നാദാപുരം എം.എൽ.എ.ആയിരുന്ന ബിനോയ് വിശ്വത്തിൻെറ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് ഒരു പുതിയ ആംബുലൻസ് കൂടി ആശുപത്രിയിൽ എത്തി. പുതിയ ആംബുലൻസിന് ദിവസക്കൂലിയുടെ അടിസ്ഥാനത്തിൽ ഒരു ഡ്രൈവറെയും നിയമിച്ചു. ഇതോടെ ആരോഗ്യ വകുപ്പ് വാങ്ങിയ വണ്ടി ഉപയോഗിക്കാതെയായി. ഒരു വർഷം പിന്നിട്ടപ്പോഴേക്കും എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ആംബുലൻസ് ഒരു രോഗിയെ കൊണ്ടുപോകുന്നതിനിടയിൽ കാസർഗോട് ജില്ലയിൽ തകരാറിലായി.

ഇതിൻ്റെ അറ്റകുറ്റ പണികൾക്കായി കാസർകോട് ജില്ലയിലെ സ്വകാര്യ വർക്ക് ഷോപ്പിലേക്ക് മാറ്റി. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ആംബുലൻസിൻ്റെ അറ്റകുറ്റപണികൾക്കായി ഫണ്ട് കണ്ടെത്തേണ്ട ചുമതല കൂടി ആശുപത്രി മാനേജ്മെൻ്റ് കമ്മിറ്റിക്കായി. എന്നാൽ ഇതിന്റെ അറ്റകുറ്റ പണികൾക്കായി വേണ്ടി വരുന്ന ഭീമമായ ചെലവ് വഹിക്കാൻ കഴിയായതോടെ വണ്ടി മാസങ്ങളോളം കാസർകോട്ടെ വർക്ക്ഷോപ്പിൽ നിർത്തിയിട്ടു. ആംബുലൻസ് തിരിച്ചെത്തിക്കണമെന്ന ആവശ്യം ശക്തമായതോടെ മാസങ്ങൾക്ക് ശേഷം താത്കാലികമായി റിപ്പയറിംഗ് നടത്തി വണ്ടി ആശുപത്രിയിൽ തിരിച്ച് എത്തിച്ചെങ്കിലും പിന്നീട് റോഡിലിറക്കാനാവാതായി. ആശുപത്രിയിൽ മുമ്പുണ്ടായിരുന്ന ആരോഗ്യ വകുപ്പിൻ്റെ ആംബുലൻസും ഓടാൻ പറ്റാത്ത പരുവത്തിലായി.

വലഞ്ഞ് രോഗികൾ

ഇപ്പോൾ ഈ വാഹനത്തിൻ്റെ പല ഭാഗങ്ങളും കാണാനില്ലെന്ന പരാതിയും ഉയരുന്നുണ്ട്. ആശുപത്രിയിൽ ആംബുലൻസ് ഇല്ലാതായതോടെ സ്വകാര്യമേഖലയിലെ ആംബുലൻസുകൾ രോഗികളെ പിഴിയുകയാണ്. മലയോരമേഖലയിലെ ആദിവാസികൾ അടക്കമുള്ള നൂറ് കണക്കിന് പാവപ്പെട്ട രോഗികളാണ് ദിനേന ഈ ആതുരാലയത്തിൽ ചികിത്സ തേടി എത്തുന്നത്. ഇവിടെ എത്തുന്ന അവശരായ രോഗികൾക്കും അത്യാസന്ന നിലയിൽ എത്തുന്നവർക്കും സ്വകാര്യ ആംബുലസിനെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ആശുപത്രിയിൽ എത്രയും വേഗം ആംബുലൻസ് സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.