രാമനാട്ടുകര: രാമനാട്ടുകര നഗരസഭ പുതിയ ഓഫീസ് കെട്ടിട സമുച്ചയം അടുത്ത മാസം ഉദ്‌ഘാടനം ചെയ്യും. കെട്ടിടത്തിന്റെ 95 ശതമാനം പ്രവൃത്തികളും പൂർത്തിയായി. ഇനി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം. കിഫ്ബി അനുവദിച്ച 13.25 കോടി രൂപ ചെലവിട്ടാണു 4151 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നഗരസഭയ്ക്കു പുതിയ ആസ്ഥാനമന്ദിരം നിർമ്മിക്കുന്നത്. ചെത്തുപാലം തോടിനു സമീപം നഗരസഭ ഏറ്റെടുത്ത 1.02 ഏക്കറിലാണ് അത്യാധുനിക സൗകര്യത്തോടെയാണു നാലുനില കെട്ടിടം ഒരുങ്ങുന്നത്. അഗ്നിസുരക്ഷാ സംവിധാനം, ട്രാൻസ്ഫോമർ, മുറ്റത്ത് ഇന്റർലോക്ക് വിരിക്കൽ, ചുറ്റുമതിൽ തുടങ്ങിയവയുടെ പണിയും പുരോഗമിക്കുന്നുണ്ട്. റോഡ്, ഫർണിച്ചർ, ഇലക്ട്രിഫിക്കേഷൻ, വൈദ്യുതി, ഇന്റർനെറ്റ് സൗകര്യം, ചുറ്റുമതിൽ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നഗരസഭ പദ്ധതിയിൽ അനുവദിച്ച രണ്ടു കോടിയോളം രൂപ ചെലവിട്ടാണു നടപ്പാക്കുന്നത്.
പരിസ്ഥിതി സൗഹൃദം
തികച്ചും പരിസ്ഥിതി സൗഹൃദമായി നിർമ്മിച്ച കെട്ടിടത്തിൽ ലിഫ്റ്റ് സൗകര്യം, കാത്തിരിപ്പു കേന്ദ്രം, എല്ലാ നിലകളിലും ശുചിമുറി എന്നിവ ഒരുക്കിയിട്ടുണ്ട്. ഓഫീസിനോട് അനുബന്ധിച്ചു വിശാലമായ പാർക്കിംഗ് സൗകര്യവും കാന്റീനും ക്രമീകരിക്കുന്നുണ്ട്. നഗരസഭ പരിപാടികൾ നടത്തുന്നതിനു 400 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള പൊതുഹാളും നിർമിച്ചിട്ടുണ്ട്.
ഈ നിലകളിൽ ഇവ
രാമനാട്ടുകര നഗരസഭയുടെ പുതിയ കെട്ടിടത്തിൽ ചെയർമാൻ, വൈസ് ചെയർമാൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, സെക്രട്ടറി എന്നിവരുടെ മുറികൾ ഒന്നാം നിലയിലാണു ക്രമീകരിക്കുന്നത്. ഓഫിസ് കാബിൻ, ഫ്രണ്ട് ഓഫീസ്, കാഷ് കൗണ്ടർ, റിസപ്ഷൻ, കുടുംബശ്രീ, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, എൻ.യു.എൽ.എം ഓഫീസ്, ഹെൽത്ത് സ്റ്റോർ, ഐ.സി.ഡി.എസ് ഓഫീസ് എന്നിവ താഴത്തെ നിലയിലാകും പ്രവർത്തിക്കുക. എൻജിനീയറിംഗ് വിഭാഗം, ആരോഗ്യ വിഭാഗം, റവന്യു വിഭാഗം, ലൈബ്രറി, വയോമിത്രം, റെക്കോർഡ് റൂം എന്നിവ രണ്ടാം നിലയിലും കൗൺസിൽ ഹാൾ, മിനി കോൺഫറൻസ് ഹാൾ, കൗൺസിലേഴ്സ് ലോഞ്ച് എന്നിവ മുന്നാം നിലയിലുമാണ് ഒരുക്കുന്നത്. രാധാകൃഷ്ണ മേനോൻ റോഡിലുള്ള (പാറമ്മൽ റോഡ്) നഗരസഭയുടെ ഇപ്പോഴത്തെ കെട്ടിടം ഫാറൂഖ് കോളേജ് റോഡിൽ പ്രവർത്തിക്കുന്ന ബഡ്‌സ് സ്ക്കൂളിനായി നൽകുമെന്ന് അധികൃതർ പറയുന്നു. മുഖ്യമന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാൻ ആലോചിക്കുന്നതായി അധികൃതർ പറഞ്ഞു.
എട്ടാം ഡിവിഷനിൽ പെട്ട സ്ഥലത്താണ് ഇപ്പോൾ കെട്ടിടം ഉള്ളത്. ഡിവിഷൻ വിഭജനത്തിനെ തുടർന്ന് അടുത്ത് എട്ടാം ഡിവിഷൻ ഇരുപതാം ഡിവിഷൻ ആവും. അത്യാധുനിക സൗകര്യത്തോടെയുള്ള കെട്ടിടം നഗരസഭ പദ്ധതിയിൽ അനുവദിച്ച രണ്ടു കോടിയോളം രൂപ ചെലവിട്ടാണ് നിർമിക്കുന്നത്.
പി.കെ അബ്ദുൾ ലത്തീഫ്, രാമനാട്ടുകര നഗരസഭാ വൈസ് ചെയർമാൻ