photo
സൈക്കിൾ സഞ്ചാരി അജിത്ത് എലത്തൂരിന് പനങ്ങാട് നോർത്ത് എ.യു.പി. സ്കൂളിൽ നല്കിയ ആവേശോജ്വലമായ യാത്രയയപ്പ്

ബാലുശ്ശേരി: ലോകത്തിലെ ഉയരം കൂടിയ പോസ്റ്റ് ഓഫീസിൽ നിന്ന് കത്തുകൾ വരുന്നതും കാത്ത് പനങ്ങാട് നോർത്ത് എ.യു.പി. സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും. സുഹൃത്തുക്കൾക്കും നാട്ടുകാർക്കും മറ്റും എഴുതിയ 1001 കത്തുകൾ ഹിമാചൽ പ്രദേശിലെ ഹിക്കിം പോസ്റ്റ് ഓഫീസിലെ പോസ്റ്റ് ബോക്സിൽ 28 ന് പോസ്റ്റ് ചെയ്യും. സൈക്കിൾ സവാരിയിലൂടെ ഇതുവരെ ഏഴ് രാജ്യങ്ങൾ സഞ്ചരിച്ചു വന്ന സൈക്കിൾ യാത്രികൻ അജിത്ത് (35) എലത്തൂരാണ് കത്തുകൾ പോസ്റ്റ് ചെയ്യുന്നത്. ഡൽഹി വരെ ട്രെയിനിലും അവിടുന്ന് 698 കി. മീ. സൈക്കിളിൽ സഞ്ചരിച്ച് ഹിക്കിം പോസ്റ്റ് ഓഫീസിലെത്തി കത്തുകൾ പോസ്റ്റു ചെയ്യും. അജിത്ത് രണ്ടാമത്തെ ഇൻ്റർ നാഷണൽ ട്രിപ്പായ സിംഗപ്പൂർ യാത്ര കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോഴാണ് ആദ്യമായി ഒരു കത്ത് തന്നെ തേടി വരുന്നത്. അതും തൻ്റെ മേൽവിലാസം കൃത്യമായി അറിയാത്ത ഒരു സുഹൃത്തിൻ്റെ കത്ത്. 2018ലാണ് കാഠ്മണ്ഡുവിലേയ്ക്ക് ആദ്യ ഇൻ്റർ നാഷണൽ യാത്ര. അമേരിക്കയിലെ ഒരു സുഹൃത്ത് നല്കിയ കന്നോഡേൽ

ഹൈബ്രിഡ് സൈക്കിളിലൂടെയാണ് യാത്ര. യാത്രയ്ക്ക് പനങ്ങാട് നോർത്ത് എ.യു.പി. സ്കൂൾ അദ്ധ്യാപകരും വിദ്യാർത്ഥികളും ആവേശോജ്വലമായ യാത്രയയപ്പാണ് നല്കിയത്. പ്രധാന അദ്ധ്യാപകൻ സബീഷ്, ശ്രീനേഷ്, പ്രേംജിത, ഷീന, വിനൂപ്, നിഷ, ഷീജ രാഗേഷ് എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നല്കി.