സുൽത്താൻ ബത്തേരി: നഗരസഭ പരിധിയിലെ താമസക്കാരനായ 43 കാരന് മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. നഗരസഭ ചെയർപേഴ്സൺ ടി.കെ രമേശിന്റെ ക്യാബിനിൽ ചേർന്ന യോഗത്തിൽ ആരോഗ്യവകുപ്പ് ജീവനക്കാർ പങ്കെടുക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്ത വ്യക്തി താമസിച്ച പ്രദേശത്ത് സ്വീകരിക്കേണ്ട മുൻകരുതലുകൾ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് നഗരസഭയെ അറിയിച്ചു. വ്യക്തികളിൽ പനിപരിശോധന, കുടിവെള്ള സ്രോതസുകളിൽ സൂപ്പർ ക്ലോറിനേഷൻ അടക്കമുള്ളവ നടത്തി. ഭയപ്പെടേണ്ട സാഹചര്യങ്ങളൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു. യോഗത്തിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില ജുനൈസ്, കൗൺസിലർ പ്രജിത രവി, നഗരസഭ ആരോഗ്യവിഭാഗം ക്ലീൻസിറ്റിമനേജർ പി.എസ് സന്തോഷകുമാർ, ഡോ. ബിജു ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവർ സംബന്ധിച്ചു. ചികിത്സയിലുള്ള വ്യക്തി താമിസിച്ചിരുന്ന സ്ഥലത്തെ കിണർ, കുഴൽകിണർ, ജലസംഭരണി എന്നിവിടങ്ങളിൽ നിന്നുള്ള വെളളം പരിശോധനയ്ക്കായി ആരോഗ്യവകുപ്പ് അധികൃതർ ശേഖരിച്ച് അയച്ചു. കൗൺസിലർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷാജഹാൻ, ജെ.പി.എച്ച്.എൻ. ആശവർക്കർ അടക്കമുള്ളവരെത്തിയാണ് പരിശോധനയ്ക്കായി വെള്ളം ശേഖരിച്ചത്.
മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നഗരസഭ ചെയർമാൻ ടി.കെ. രമേശിന്റെ അദ്ധ്യക്ഷതയിൽ ആരോഗ്യവകുപ്പ് ജീവനക്കാരെ ഉൾപ്പെടുത്തി നടത്തിയ യോഗം