മാനന്തവാടി: വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 5000 തൊഴിലന്വേഷകർക്ക് ജോലി ഉറപ്പ് നൽകുമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. മാനന്തവാടി പായോട് അസാപ് സ്‌കിൽ സെന്ററിൽ
കേരള നോളജ് ഇക്കോണമി മിഷൻ നിയോജക മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തന പദ്ധതിയുടെ രൂപരേഖ അവതരണയോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. വിദ്യാസമ്പന്നർ തൊഴിലിലായ്മ കാരണം വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന സ്ഥിതി മറികടക്കാനുള്ള പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ നടപ്പാക്കുകയാണെന്ന് മന്ത്രി കൂട്ടിചേർത്തു. എം.എൽ.എമാരുടെ ആവശ്യപ്രകാരം തൊഴിലന്വേഷകർക്കായി കേരള നോളജ് ഇക്കോണമി മിഷൻ നിയോജക മണ്ഡലാടിസ്ഥാനത്തിൽ തുടങ്ങിയ പ്രത്യേക പദ്ധതികളുടെ തുടർപ്രവർത്തനത്തിനായി രൂപരേഖ തയ്യാറാക്കി. ഐ.ടി.ഐ, പോളിടെക്നിക്, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പ്രവർത്തനം നടപ്പാലാക്കുക. അവസാന വർഷ ബിരുദധാരികൾ, പഠനം പൂർത്തിയാക്കിയ തൊഴിലന്വേഷകർ, ഏറ്റവും പെട്ടെന്ന് തൊഴിൽ ആവശ്യമുള്ളവർ എന്നിവരെ കേന്ദ്രീകരിച്ച് മൊബിലൈസേഷൻ പ്രവർത്തനം നടപ്പാക്കും. ഇവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മൊബിലൈസ് ചെയ്യണം. അവരുടെ താത്പര്യത്തിനും യോഗ്യതക്കും അനുസരിച്ചുള്ള തൊഴിലിലേക്കെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഡിജിറ്റൽ വർക്ക്‌ഫോഴ്സ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ (ഡിഡബ്യൂഎംഎസ്) രജിസ്റ്റർ ചെയ്ത ഓരോ
വാർഡിലെ തൊഴിലന്വേഷകരും ഡി.ഡബ്യൂ.എം.എസ് പോർട്ടലിൽ നിലവിലുള്ള തൊഴിലുകളിലേക്ക് അപേക്ഷ നൽകണമെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇതിന് വാർഡ് മെമ്പർമാർ നേതൃത്വം നൽകണം. പുതിയ തൊഴിലന്വേഷകരെ ഡി.ഡബ്യൂ.എം.എസിൽ രജിസ്റ്റർ ചെയ്യിപ്പിക്കണം. അന്വേഷണങ്ങൾക്കും സംശയങ്ങൾക്കും ബ്ലോക്ക് ജോബ് സ്റ്റേഷനിലോ കമ്മ്യൂണിറ്റി അംബാസിഡർമാരെയോ ബന്ധപ്പെടാം. ഒരു നിയോജക മണ്ഡലത്തിൽ ഒന്നോ രണ്ടോ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നോഡൽ സ്ഥാപനങ്ങളായി തീരുമാനിക്കുകയും ആ സ്ഥാപനത്തിൽ വച്ച് ഹ്രസ്വകാല നൈപുണ്യ പരിശീലനം സംഘടിപ്പിക്കുകയും ചെയ്യും. സോഫ്റ്റ് സ്‌കിൽ പരിശീലനം /തൊഴിൽ പരിശീലനം എന്ന വിഭാഗത്തിൽ ആശയവിനിമയം, ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം, റെസ്യൂമെ ബിൽഡിംഗ്, ഇന്റർവ്യൂ പരിശീലനം, കോൺഫിഡൻസ് ബിൽഡിംഗ്, കരിയർ കൗൺസിലിംഗ്, ഫൗണ്ടേഷൻ മൊഡ്യൂൾ പരിശീലനം എന്നിവ നോഡൽ സ്ഥാപനത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കും. പരിശീലനം നേടിയവരെ വിജ്ഞാന കേരളം ജില്ലാ തലത്തിൽ നടത്തി വരുന്ന തൊഴിൽ മേളകളിലും വെർച്യുൽ തൊഴിൽ മേളകളിലും പങ്കെടുപ്പിക്കുകയും തൊഴിലവസരം നൽകുകയും ചെയ്യും. കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ പി.എസ് ശ്രീകല പദ്ധതി ലക്ഷ്യങ്ങൾ, ഉത്തരവാദിത്വങ്ങൾ, ഘട്ടങ്ങൾ എന്നിവ വിശദീകരിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ വിജയൻ, മീനാക്ഷി രാമൻ, എ.എൻ സുശീല, വിജ്ഞാന കേരളം ജില്ലാ മിഷൻ കോർഡിനേറ്റർ എസ് ശ്രീജിത്ത്, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി.കെ ബാലസുബ്രഹ്മണ്യൻ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ വി കെ റജീന എന്നിവർ പങ്കെടുത്തു.