വൈത്തിരി: മണ്ണിടിച്ചിൽ ആവർത്തിച്ചത് ഗതാഗതം പുനഃസ്ഥാപിക്കുന്നതിൽ പ്രതിസന്ധിയായി. ചുരത്തിൽ ഇടവേളകളില്ലാതെ കനത്ത മഴ പെയ്തതാണ് കൂടുതൽ പ്രതിസന്ധിയായത്. ബുധനാഴ്ച ഉച്ചവരെ കാര്യമായി മണ്ണിടിച്ചിൽ ഉണ്ടായിരുന്നില്ല. ഉച്ചയ്ക്കുശേഷം പല സമയങ്ങളിലായി മണ്ണ് വൻതോതിൽ ഇടിഞ്ഞതോടെ റോഡിലെ ഗതാഗത തടസ്സം നീക്കാൻ ഏറെ സമയമെടുത്തു. മണ്ണിനൊപ്പം തന്നെ പാറകൾകൂടി കടന്നു വീഴാൻ തുടങ്ങിയതും തിരിച്ചടിയായി. ജീവൻ പണയപ്പെടുത്തിയായിരുന്നു ഗതാഗതം പുനഃസ്ഥാപിക്കാനായി പൊലീസും ഫയർഫോഴ്സും മറ്റ് സന്നദ്ധ പ്രവർത്തകരും പ്രവർത്തിച്ചത്. ഗതാഗതം പൂർണമായും നിരോധിച്ച ശേഷമാണ് ബുധനാഴ്ച രാവിലെ 9 മണിയോടെ വലിയ മണ്ണ് മാന്തി യന്ത്രങ്ങൾ കൊണ്ടുവന്ന് റോഡിൽ വീണ പാറകളും മണ്ണും നീക്കം ചെയ്യാൻ തുടങ്ങിയത്. ഒരു മണിയോടെ തടസ്സം നീക്കാനായിരുന്നു ശ്രമം. പലവട്ടം മണ്ണിടിച്ചിൽ ഉണ്ടായതോടെ ദൗത്യം ദുഷ്‌കരമായി. 80 അടി ഉയരത്തിൽ നിന്നുമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. അടർന്നു നിൽക്കുന്ന പാറകൾ ഫയർഫോഴ്സ് എത്തി വെള്ളം തളിച്ചാണ് വീഴ്ത്തി ഇട്ടത്. ഗതാഗതം പുനഃസ്ഥാപിച്ച ശേഷം ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനായിരുന്നു നടപടി.