churam
താ​മ​ര​ശേ​രി​ ​ചു​ര​ത്തി​ൽ​ ​ഒ​മ്പ​താം​ ​വ​ള​വി​ന് ​സ​മീ​പം​ ​വ്യൂ​ ​പോ​യി​ന്റി​ൽ​ ​ഇ​ന്ന​ലെ​ ​റോ​ഡി​ലേ​ക്ക് ​വീ​ണ​ ​പാ​റ​ക്ക​ല്ലു​ക​ളും​ ​മ​ണ്ണും​ ​ജെ.​സി.​ബി​ ​ഉ​പ​യോ​ഗി​ച്ച് ​മാ​റ്റു​ന്നു.

കോഴിക്കോടും വയനാടും ജില്ല രണ്ടാണെങ്കിലും ജീവിതവും രീതികളും ജോലികളുമായി ചുരം പോലെ ഇരുജില്ലകളും കൊട്ടുപിണഞ്ഞ് കിടക്കുന്നു. താമരശ്ശേരി ചുരമാണ് വയനാട്ടിലേക്ക് കോഴിക്കോട് നിന്നുള്ള പ്രധാന വഴി. ദിവസേന മലയിറങ്ങുന്നവരും കയറുന്നവരും ആയിരങ്ങൾ. സംസ്ഥാനത്തിന്റെ അകത്തും പുറത്തും വിദേശത്തുനിന്നും സ്വപ്‌ന സഞ്ചാരികൾ കടന്നുപോകുന്നതും കോഴിക്കോട് വഴി താമരശ്ശേരി ചുരം കടന്ന്. അവിടെയിപ്പോൾ ഭീതിയുടെ മഴ പെയ്യുകയാണ്. ചൂരൽമല- മുണ്ടക്കൈ ദുരന്തത്തിനുശേഷം വയനാടിനെയും കോഴിക്കോടിനെയും ഒരു പോലെ പിടിച്ചുകുലുക്കി ചുരമിടിയുന്നു. ആളപായങ്ങളൊന്നും ഉണ്ടായില്ലെങ്കിലും പൂർണ ഗതാഗത നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. മലയും മലവെള്ളവും റോഡിലേക്ക് കുത്തിയൊലിച്ചിറങ്ങുന്നു. കുറ്റ്യാടി ചുരമാണ് ബദൽ മാർഗം. എല്ലാ വാഹനങ്ങളും ഒന്നിച്ചങ്ങോട്ട് ഇറങ്ങിയപ്പോൾ സൂചി കുത്താനിടമില്ലാത്ത കുരുക്ക് അവിടേയും. ' ദുരിത യാത്രയുടെ ചുരം വഴി' യിലൂടെ ഇന്നുമുതൽ കേരളാകൗമുദി.

'വീടുകളിലെത്താനാകാതെ ചുരത്തിൽ കുരുങ്ങിക്കിടക്കുകയാണ് യാത്രക്കാർ. വർഷങ്ങളായുള്ള ദുരിതത്തിന് ഇതുവരെ അറുതിയായില്ല. ഇനിയെങ്കിലും ബദൽ സംവിധാനത്തെ കുറിച്ചുള്ള ചർച്ച സജീവമാകട്ടെ -' ചിപ്പിലിത്തോട് സ്വദേശി ജസ്റ്റിൻ ജോസിന്റേതാണ് വാക്കുകൾ. കുരുക്കുണ്ടായാൽ രക്ഷാപ്രവർത്തനത്തിനെത്തുന്ന ചുരം സംരക്ഷണ സമിതി പ്രവർത്തകൻ കൂടിയാണ് ജസ്റ്റിൻ.

ഓണാവധിക്ക് നാട്ടിലേക്ക് തിരിച്ച വിദ്യാർത്ഥികളടക്കമുള്ളവർ കുരുക്കിൽ പെട്ടവരിലുണ്ട്. കുറ്റ്യാടി, മലപ്പുറം നാടുകാണി വഴി ഗതാഗതം തിരിച്ചുവിട്ടെങ്കിലും പ്രശ്നം തീർന്നിട്ടില്ല. ചൊവ്വാഴ്ച വെകിട്ട് കോഴി കയറ്റിവന്ന ലോറി അഴുക്കുചാലിൽ പെട്ടതിനെ തുടർന്ന് ആദ്യമുണ്ടായത് ഭാഗിക ഗതാഗത തടസമായിരുന്നു. അന്ന് രാത്രി ഏഴ് മണിയോടെ ചുരം ഒമ്പതാം വളവ് വ്യൂ പോയിന്റിനടുത്ത് മണ്ണിടിച്ചിലുണ്ടായതോടെ ഗതാഗതം പൂർണമായും നിലച്ചു. ബുധനാഴ്ച രാത്രിയോടെ പാറക്കല്ലുകളും മണ്ണും മാറ്റി കുരുങ്ങിക്കിടന്ന വാഹനങ്ങളെ കടത്തിവിട്ടു. വീണ്ടും മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ ചുരം അടച്ചു.

കോഴിക്കോട് വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം റോഡ് അടഞ്ഞാൽ ഇരു ജില്ലകളിലെയും ജനജീവിതം സ്തംഭിക്കും. കോഴിക്കോട് മെഡി. കോളേജിലെത്തേണ്ട രോഗികൾ, കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ, കോഴിക്കോട് റെയിൽവേയിലടക്കം എത്തേണ്ടവർ, അഭിമുഖങ്ങൾക്ക് അടക്കം പോകേണ്ട ഉദ്യോഗാർത്ഥികൾ, വിദ്യാർത്ഥികൾ, മറ്റു യാത്രക്കാർ എന്നിവരെല്ലാം വെട്ടിലാകുന്നു. ബദൽ റോഡില്ലാത്തതും വളവുകളിൽ റോഡിന്റെ വീതിക്കുറവും പ്രശ്നമാണ്. ആറ്, ഏഴ്, എട്ട് വളവുകളിലാണ് പലപ്പോഴും ഗതാഗതം കുരുങ്ങുന്നത്.

പരിഹാരമായി നിർദ്ദിഷ്ട വയനാട് ബെെപാസ് യാഥാർത്ഥ്യമാക്കണമെന്ന് ആക്ഷൻ കമ്മിറ്റി വർഷങ്ങളായി ആവശ്യപ്പെടുന്നു. കഴിഞ്ഞ ബഡ്ജറ്റിൽ ടോക്കൺ തുക നീക്കിവച്ചെങ്കിലും തുടർ പ്രവർത്തനമുണ്ടായിട്ടില്ല. നിലവിലെ ദേശീയപാത വികസനത്തിന്റെ ഭാഗമായി ബെെപാസിന്റെ സാദ്ധ്യതാപഠനവും സർവേയുമാണ് അട‌ിയന്തരമായി നടത്തേണ്ടത്. ആറ്, ഏഴ്, എട്ട് വളവുകളിൽ വശങ്ങൾ വീതി കൂട്ടുമെന്ന പ്രഖ്യാപനം നടപ്പായില്ല. ഇതിനായി വനം വകുപ്പിൽ നിന്ന് ഒരു ഹെക്ടർ സ്ഥലം വിട്ടുകിട്ടിയിരുന്നു. കുരുക്കിൽ പെട്ട വാഹനങ്ങൾ മാറ്റി ഗതാഗതം പുന:സ്ഥാപിക്കാൻ ക്രെയിൻ ഉൾപ്പെടെയുള്ള സംവിധാനം ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവും നടപ്പായില്ല.

നിർദ്ദിഷ്ട ബെെപാസ് ഇങ്ങനെ

ദൂരം 14 കിലോമീറ്റർ

യാത്രാദൂരം കുറയുക 200 മീറ്റർ

അനുവദിച്ച ടോക്കൺ തുക 33 കോടി

റൂട്ട്: ചിപ്പിലത്തോട് - മരുതിലാവ് - തളിപ്പുഴ

(തുടരും)