vrinda

കോഴിക്കോട്: ലൈംഗികാരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ പ്രതിരോധിക്കുന്ന കോൺഗ്രസ്,​ കേരളത്തിലെ സ്ത്രീകളെ അവഹേളിക്കുകയാണെന്ന് മുതിർന്ന സി.പി.എം നേതാവ് ബൃന്ദ കാരാട്ട് ആരോപിച്ചു. ലൈംഗികാതിക്രമം പതിവാക്കിയ ഒരാളെ, രേഖാമൂലം പരാതിയില്ലെന്ന് പറഞ്ഞ് പ്രതിരോധിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. ലൈംഗിക കുറ്റകൃത്യം നടത്തിയതിന് പ്രഥമദൃഷ്ട്യാ തെളിവുള്ളതിനാലാണ് എം.എൽ.എയെ സസ്‌പെൻഡ് ചെയ്തത്. നടപടിയെടുത്തുവെന്ന് പറയുന്നവർ തന്നെയാണ് പ്രതിരോധിക്കാനും രംഗത്തുവരുന്നത്. പ്രതിരോധിക്കാനാണെങ്കിൽ എന്തിനാണ് സസ്‌പെൻഡ് ചെയ്തത്. ഒരേസമയം നടപടിയെടുക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നത് കാപട്യമാണ്. കേരളത്തിലെ സ്ത്രീകളെ അപമാനിക്കുന്നതിൽ പ്രതിപക്ഷനേതാവിനും കോൺഗ്രസിനും യു.ഡി.എഫിനും ഉത്തരവാദിത്വമുണ്ടെന്നും ബൃന്ദ മാദ്ധ്യമങ്ങളോട് പറഞ്ഞു.