സുൽത്താൻ ബത്തേരി: ചിങ്ങത്തിൽ ചന്നം പിന്നമായിട്ടാണ് മഴയെന്ന് പറയുമെങ്കിലും ഓണത്തിന്റെ വരവറിയിച്ചു കൊണ്ട് അത്തം എത്തിയപ്പോൾ തന്നെ മഴ കനത്തു. കഴിഞ്ഞ മൂന്ന് ദിവസമായി ഇടതടവില്ലാതെ പെയ്ത മഴ ഓണ വിപണിയെ കാര്യമായി ബാധിച്ചു. അതിനിടെയാണ് കുനിമേൽ കുരുവെന്നത് പോലെ ചുരം റോഡിലെ മണ്ണിടിച്ചിലും ഗതാഗത തടസവും
ചുരത്തിൽ മണ്ണും പാറയും ഇടിഞ്ഞ് ഗതാഗതം തടസപ്പെട്ടതോടെ ഓണ അവധിയ്ക്ക് വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാനൊരുങ്ങിയിരുന്ന സഞ്ചാരികളും യാത്ര ഒഴിവാക്കി. ഓണ വിപണി ലക്ഷ്യം വെച്ച് കച്ചവടക്കാർ നല്ലൊരു കച്ചവടം പ്രതീക്ഷിച്ചിരിക്കുന്നതിനിടെയാണ് മഴയുടെ വരവ് ഇതോടെ എല്ലാം തകിടം മറിഞ്ഞു. കച്ചവടവും ഇല്ലാതായി. മഴ കാരണം ആളുകൾ പുറത്തിറങ്ങാൻ മടിക്കുകയാണ്. പൂ കച്ചവടക്കാരെയാണ് മഴ കാര്യമായി ബാധിച്ചത്. മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിന് പത്ത് ദിവസവും പൂക്കളമൊരുക്കാൻ പൂ വിപണി സജീവമായെങ്കിലും മഴ തുടരുന്നത് തിരിച്ചടിയായി.
കർണാടകത്തിനും തമിഴ്നാട്ടിലും വൻവിലകൊടുത്ത വിപണത്തിന് എത്തിച്ച പൂക്കൾ വിൽപ്പന നടത്താൻ ആവാതെ വൻതോതിൽ കെട്ടിക്കിടക്കുകയാണ്. ഇവ വിറ്റൊഴിക്കാൻ ആയില്ലെങ്കിൽ ഇത്തവണത്തെ ഓണത്തിന് വലിയ നഷ്ടമാണ് വ്യാപാരികൾക്ക് ഉണ്ടാവുന്നത്. അത്തം തുടങ്ങി മൂന്നുനാൾ പിന്നിട്ടിട്ടും കാര്യമായ വിൽപ്പന നടന്നിട്ടില്ലെന്ന് പൂ കച്ചവടക്കാർ പറയുന്നത്. വരുന്ന ദിവസങ്ങളിൽ മഴ മാറിയില്ലെങ്കിൽ വിൽപ്പനക്കായി കൊണ്ടു വന്ന പൂക്കൾ ചീഞ്ഞു പോകും.
ഓണാവധിക്കായി സ്‌കൂളുകളും കോളേജുകളും ഇന്ന് അടയ്ക്കും. ഇന്ന് രാവിലെ മഴ മാറി നിന്നാൽ ഒരു പക്ഷെ ചെറിയ രീതിയിലെങ്കിലും പൂക്കൾ വിറ്റഴിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൂ കച്ചവടക്കാർ.