സുൽത്താൻ ബത്തേരി: കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ ഇന്ന് സുൽത്താൻ ബത്തേരിയിൽ വെച്ച് സംഗീതോത്സവവും സംഗീതക്ലാസും നടത്തുന്നതാണെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വയനാട് ജില്ലാ കേന്ദ്ര കലാ സമിതി, സുൽത്താൻ ബത്തേരി നഗരസഭ, ഗ്രാമഫോൺ എന്നിവരുമായി സഹകരിച്ചാണ് സംഗീതോത്സവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയ്ക്ക് ബത്തേരി മുൻസിപ്പൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗീതോത്സവം നഗരസഭ ചെയർമാൻ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പ്രശസ്തരായ സംഗീതജ്ഞരാണ് കച്ചേരിയിൽ പങ്കെടുക്കുക. സംഗീതം അനുഭവം ആവിഷ്‌ക്കാരം എന്ന വിഷയത്തെ ആസ്പദമാക്കി അറക്കൽ നന്ദകുമാറും,ക്ലാസിക്കൽ സംഗീതം അവതരണത്തിന് എന്താണ് എളുപ്പവഴി എന്നതിനെപ്പറ്റി ആനയടി പ്രസാദും ക്ലാസ് നയിക്കും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിക്കും. വാമദേവൻ കലാലയ(നാടകം), ദേവദാസ് (സംഗീതം), കുട്ടപ്പൻ ആശാൻ (വാദ്യരംഗം), കലാമണ്ഡലം ജയന്തി (നൃത്തം), ജേക്കബ് സി. വർക്കി (കലാരംഗത്തെ മികച്ച പ്രവർത്തവനം) എന്നിവരെയണ് ആദരിക്കുന്നത്. സംഗീത കച്ചേരിയ്ക്ക് ശേഷം വൈകുന്നേരം 7 മണിയ്ക്ക് ഗ്രാമഫോൺ കലാകാരന്മാരുടെ സംഗീത നിശ. വാർത്താ സമ്മേളനത്തിൽ വയനാട് ജില്ലാ കേന്ദ്ര കലാ സമിതി പ്രസിഡന്റ് വേലായുധൻ കോട്ടത്തറ, സെക്രട്ടറി ശിവദാസ് പടിഞ്ഞാറത്തറ, സ്വാഗതസംഘം ഭാരവാഹികളായ പി.കെ. സത്താർ, കെ. റഷീദ്, ടി. നീന എന്നിവർ പങ്കെടുത്തു.