churam
താ​മ​ര​ശ്ശേ​രി​ ​ചു​രം​ ​ഒ​മ്പ​താം​ ​വ​ള​വി​ൽ​ ​മ​ണ്ണി​ടി​ച്ചി​ൽ​ ​ഉ​ണ്ടാ​യ​ ​സ്ഥ​ല​ം ഫോട്ടോ : അ​ന​ന്തു​ ​ആ​രിഫ

ചുരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബദൽ നിർദ്ദേശങ്ങളുണ്ട്. തുടങ്ങിവച്ച പദ്ധതികൾ പൂർത്തിയാക്കാനുമുണ്ട്. ഇവ പ്രാവർത്തികമാക്കാൻ ഭരണാധികാരികൾക്ക് ഇച്ഛാശക്തിയോ വകുപ്പുകളുടെ ഏകോപനമോ ഇല്ലെന്നാണ് ആക്ഷേപം. പ്രായോഗികമാക്കാൻ കഴിയുന്ന പദ്ധതികളിൽ പോലും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയില്ലെന്ന ആരോപണവുമുണ്ട്. തുരങ്കപാത വരുന്നത് സ്വാഗതം ചെയ്യുന്നുണ്ട്. എന്നാൽ ചുരത്തിൽ നിന്ന് മുപ്പതിലധികം കിലോമീറ്റർ അകലെയുള്ള പാത എത്രമാത്രം പ്രയോജനപ്പെടുമെന്നതിൽ ആശങ്കയുണ്ട്. നാലുവർഷം കൊണ്ട് പൂർത്തിയാക്കുമെന്നാണ് പറയുന്നത്. നിലവിൽ ചുരം പാത ഉപയോഗിക്കുന്നവർക്ക് ഇതൊരു ബദലാകില്ലെന്ന് ചൂണ്ടിക്കാട്ടുന്നു. ചുരം കയറാനെടുക്കുന്ന സമയം തുരങ്കപാതയിലൂടെ വേണ്ടിവരില്ലെന്നാണ് പറയുന്നത്. വയനാടിനെയും കോഴിക്കോടിനെയും ബന്ധിപ്പിക്കാനുള്ള ബദൽ മാർഗങ്ങളുടെ സാദ്ധ്യതകൾ പരിശോധിച്ച് കൃത്യമായ ഏകോപനത്തോടെ യുദ്ധകാല വേഗത്തിൽ നടപ്പാക്കുകയാണ് പതിറ്റാണ്ടുകളായുള്ള കുരുക്കൊഴിവാക്കാൻ വേണ്ടത്.

കുട്ട- മാനന്തവാടി

പുറക്കാട്ടിരി കോറിഡോർ

ബന്ദിപ്പൂർ വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാത 766ലെ രാത്രിയാത്ര നിരോധനം യാത്രക്കാർക്കും ചരക്കുനീക്കത്തിനും പ്രതിസന്ധിയാണ്. താമരശ്ശേരി ചുരത്തിലെ കുരുക്കിനും ഇതൊരു കാരണമാകുന്നു. രാത്രിയാത്ര ഒഴിവാക്കാൻ സമീപത്ത് പാർക്ക് ചെയ്യുന്ന ചരക്കുവാഹനങ്ങൾ രാവിലെ കൂട്ടമായെത്തുന്നതും ചുരത്തിൽ കുരുക്കുണ്ടാക്കുന്നു.

ഇതിന് പരിഹാരമായി നിർദ്ദേശിക്കപ്പെട്ടതാണ് കർണാടകയിലെ കുട്ടയിൽ നിന്ന് പുറപ്പെട്ട് മാനന്തവാടി-കുറ്റ്യാടി ചുരം വഴി കോഴിക്കോട്ടെ പുറക്കാട്ടിരി വരെയെത്തുന്ന ഗ്രീൻഫീൽഡ് ഹൈവേ. 45 മീറ്ററിൽ 4 വരിയായി നിർമ്മിച്ചാൽ ഒരു സാമ്പത്തിക ഇടനാഴി കൂടിയാകും. 7134 കോടി രൂപയുടെ ഈ പദ്ധതി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി 2024 ജനുവരിയിൽ പ്രഖ്യാപിച്ചതാണ്. ഡി.പി.ആർ.തയ്യാറാക്കാൻ കൺസൾട്ടൻസിയെ നിയോഗിച്ചതായും 2025 ജനുവരിയിൽ അന്തിമരൂപമാകുമെന്നും കണക്കുകൂട്ടിയിരുന്നു. ബംഗളൂരുവും വടക്കൻ കേരളവുമായി രാത്രിയാത്രാ നിരോധനമില്ലാതെ 24 മണിക്കൂറും തടസമില്ലാതെ ചരക്ക് ഗതാഗതം സാദ്ധ്യമാക്കുന്ന പാതയാണിതെന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടിരുന്നു. എം.പിമാരായ പ്രിയങ്ക ഗാന്ധി, എം.കെ. രാഘവൻ, ഷാഫി പറമ്പിൽ എന്നിവരും വിഷയം ഉന്നയിച്ചിരുന്നു. എന്നാൽ ഇതുൾപ്പെടെ നിരവധി പ്രൊജക്ടുകൾ താത്കാലികമായി മാറ്റിവച്ചെന്ന വിവരമാണ് പുറത്തുവന്നത്. നിലവിൽ ബംഗളൂരു-മൈസൂർ-കോഴിക്കോട് നഗരങ്ങളെ ബന്ധപ്പെടുത്തി വനമേഖലയെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് നിർമ്മിക്കാനാകുന്ന ഏറ്റവും ചെലവും ദൂരവും കുറഞ്ഞ പാതയാണ് മൈസൂർ-കുട്ട-മാനന്തവാടി-പുറക്കാട്ടിരി ഇക്കണോമിക് കോറിഡോർ.

കേന്ദ്രം ഉടക്കിട്ടു, റോഡ്

നിർമ്മാണം നിലച്ചു

കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിനായുള്ള കാത്തിരിപ്പിന് മൂന്ന് പതിറ്റാണ്ടായി.

വയനാട് ബാണാസുര സാഗർ അണക്കെട്ടിന് സമീപത്തു നിന്ന് തുടങ്ങി താമരശ്ശേരി പൂഴിത്തോട് അവസാനിക്കുന്ന പാതയാണിത്. റോഡിന്റെ 12 കി.മീറ്റർ വനത്തിലൂടെ പോകേണ്ടതുണ്ട്. വനവത്കരണത്തിന് വിട്ടുകൊടുത്ത ഭൂമി റോഡിന് നൽകാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുവദിക്കാത്തതാണ് പ്രശ്നമെന്നാണ് വിവരം. പാതയുടെ പൂർത്തീകരണത്തിന് കാര്യമായ ഇടപെടൽ കേരളത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ്

പ്രവൃത്തി ഉദ്ഘാടനം....1994ൽ

ദെെർഘ്യം....27 കിലോമീറ്റർ

പൂർത്തീകരിച്ചത്....75 ശതമാനം

(തുടരും)