കോഴിക്കോട് : ഓണത്തിന് മോടി കൂട്ടാൻ പൂക്കളും പച്ചക്കറികളുമായി കുടുംബശ്രീ. ജില്ലയിൽ 596 ജെ.എൽ.ജി (ജോയിന്റ ലയബിലിറ്റി ഗ്രൂപ്പ്) യിലെ 2527 അംഗങ്ങളുടെ കീഴിൽ 325 ഏക്കറിൽ പച്ചക്കറിയും 325 ജെ. എൽ. ജി.യിലെ 1374 അംഗങ്ങളുടെ കീഴിൽ 137 ഏക്കറിൽ പൂക്കളുമാണ് കൃഷി ചെയ്തത്. പൂക്കളൊരുക്കാൻ 'നിറപ്പൊലിമ ', പച്ചക്കറികൾക്കായി 'ഓണക്കനി' എന്നീ പേരുകളിലാണ് കുടുംബശ്രീ ഇത്തവണ കൃഷിയിറക്കിയത്. പലയിടത്തും പച്ചക്കറികളും പൂക്കളും വിളവെടുത്ത് തുടങ്ങി. വിഷരഹിത പച്ചക്കറികളും പൂവുകളും ഓരോ വീടുകളിലേക്കും എത്തിക്കുക എന്നതാണ് ഓണക്കനി നിറപ്പൊലിമയുടെ പ്രധാന ലക്ഷ്യം . കർഷകർക്ക് ഉത്പ്പാദനം വർദ്ധിപ്പിക്കാൻ കൃഷിവകുപ്പിന്റെ സാങ്കേതിക സഹായമടക്കമുളള പിന്തുണയും കുടുംബശ്രീ വഴി ലഭ്യമാക്കുന്നുണ്ട്. പരമാവധി വിപണന മാർഗങ്ങളും സജ്ജമാക്കും. ജില്ലയിലെ മുഴുവൻ സി.ഡി.എസുകളിലും സംഘകൃഷി ഗ്രൂപ്പുകളാണ് ( ജെ എൽ ജി ) കൃഷിയ്ക്ക് നേതൃത്വം നൽകി വിപണിയിലേക്കെത്തിക്കുന്നത്. ഇടനിലക്കാരെ ആശ്രയിക്കാതെ കച്ചവടക്കാരിലേക്ക് കാർഷിക ഉത്പന്നങ്ങൾ നേരിട്ട് എത്തിക്കുക എന്നതും ലക്ഷ്യമായി കാണുന്നു.
137 ഏക്കറിൽ പൂക്കൃഷി
325 ഏക്കറിൽ പച്ചക്കറി കൃഷി
കൃഷി ചെയ്യുന്ന പൂക്കൾ
ഓറഞ്ച്, മഞ്ഞ ചെട്ടികൾ, ജമന്തി, ചെണ്ടുമല്ലി, വാടാമുല്ല
പച്ചക്കറികൾ
പയർ, പാവൽ, വെണ്ട, പടവലം, നേന്ത്രക്കായ, ചീര, ചേന, തക്കാളി, വഴുതന, മുരിങ്ങ, മാങ്ങ, മുളക്.