വിദഗ്ദ്ധ പരിശോധന തുടങ്ങി, ആശങ്കപ്പെടാനില്ലെന്ന് ജില്ലാ കളക്ടർ
കോഴിക്കോട്: മണ്ണിടിച്ചിലും മലവെള്ളവുമായി നാലുദിവസമായി താമരശ്ശേരി ചുരത്തിൽ തുടരുന്ന യാത്രാഭീതിയ്ക്കും ആശങ്കയ്ക്കും താത്ക്കാലിക വിരാമം. മഴയ്ക്ക് നേരിയ ശമനമുണ്ടായതിനാൽ ചുരം റോഡിലെ മണ്ണുനീക്കം ഇന്നലെ രാവിലെ പൂർത്തിയായി. ഉച്ചയോടെ ചെറുവാഹനങ്ങളെ കടത്തിവിട്ടുതുടങ്ങി. വലിയ വാഹനങ്ങൾക്കുള്ള നിയന്ത്രണം നീക്കിയിട്ടില്ല. കുറ്റ്യാടി ചുരം വഴിയാണ് വലിയ വാഹനങ്ങൾ കടത്തിവിടുന്നത്. പൊതുവെ വീതി കുറഞ്ഞ റോഡായതിനാ ൽ പതിവിൽ വിപരീതമായി നേരിയ ഗതാഗത തടസം കുറ്റ്യാടി ചുരം റോഡിൽ അനുഭവപ്പെട്ടു. താമരശ്ശേരി ചുരം വഴി ഭാരം കൂടിയ വാഹനങ്ങൾ കടത്തിവിടുന്നത് സംബന്ധിച്ച തീരുമാനം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തിയ ശേഷം കൈക്കൊള്ളുമെന്ന് അധികൃതർ അറിയിച്ചു.
ചുരം റോഡിൽ ഒമ്പതാം വളവിൽ വ്യൂപോയിന്റിന് സമീപം മണ്ണിടിച്ചിലുണ്ടായ സ്ഥലം കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് സന്ദർശിച്ചു. സ്ഥലത്തെ സ്ഥിതിഗതികളെകുറിച്ച് ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ജില്ല കളക്ടർ ആശയവിനിമയം നടത്തി.
റോഡ് ഗതാഗത യോഗ്യമാക്കുന്നതിലും ഗതാഗതം നിയന്ത്രിക്കുന്നതിലും തഹസിൽദാരുടെ നേതൃത്വത്തിൽ പൊലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മികച്ച രീതിയിൽ പ്രവർത്തിച്ചതായി ജില്ലാ കളക്ടർ പറഞ്ഞു. അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. സംഭവ സ്ഥലത്ത് ഫയർഫോഴ്സ്, പൊലീസ് നിരീക്ഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. അടർന്നു നിൽക്കുന്ന പാറകൾ നീക്കം ചെയ്യുന്ന കാര്യം വിശദ പരിശോധനകൾക്ക് ശേഷം തീരുമാനിക്കും.
പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നീസ ഷെരീഫ്, വൈസ് പ്രസിഡന്റ് ഷിജു ഐസക്, താമരശ്ശേരി തഹസിൽദാർ സി സുബൈർ, താമരശ്ശേരി ഡിവൈ.എസ്.പി കെ സുശീർ, പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം, റവന്യൂ, പൊലീസ്, അഗ്നിശമന സേന, ഫോറസ്റ്റ് ഉദ്യോഗസ്ഥർ തുടങ്ങിയർ കളക്ടറോടൊപ്പം ഉണ്ടായിരുന്നു. കോഴിക്കോട് റൂറൽ എസ്.പി കെ.ഇ ബൈജുവും സ്ഥലം സന്ദർശിച്ചു.
@ മണ്ണിടിച്ചിൽ ഭീഷണിയില്ല
ചുരം പാതയിൽ നിലവിൽ അപകട ഭീഷണിയില്ല. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ ജിയോളജിസ്റ്റ്, സോയിൽ കൺസർവേഷൻ ഓഫീസർ, തഹസിൽദാർ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉൾപ്പെടുന്ന സംഘം വിശദ പരിശോധന നടത്തിയിരുന്നു. അതേസമയം, മഴ ശക്തമായാൽ വീണ്ടും പാറക്കഷ്ണങ്ങൾ റോഡിലേക്ക് വീഴാനുള്ള സാദ്ധതയുണ്ട്. മണ്ണിടിച്ചിൽ കാരണം നിലവിൽ റോഡിന് പ്രശ്നങ്ങളുള്ളതായി കണ്ടെത്തിയിട്ടില്ല. ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്തും.
ചുരത്തിൽ കർശന നിയന്ത്രണം
ലിക്കിടി: ഒമ്പതാം വളവ് വ്യൂ പോയിന്റിൽ ശക്തമായ മണ്ണിടിച്ചിൽ ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. ഒൻപതാം വളവിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.ചരക്ക് വാഹനങ്ങൾ നിയന്ത്രണത്തോടെ ചുരം വഴി കടത്തി വിടും. ഇരുവശങ്ങളിൽ നിന്നും ഒരേ സമയം ചരക്കുവാഹനങ്ങൾ അനുവദിക്കില്ല. ചരക്കുവാഹനങ്ങൾഹെയർപിൻ വളവുകളിൽ സ്ലോട്ട് തീരുമാനിക്കും.ചുരത്തിൽ നിരീക്ഷണം ഉണ്ടായിരിക്കും. താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിരോധനം തുടരും. ചുരത്തിൽ വെളിച്ച സംവിധാനം ഒരുക്കും. വ്യൂപോയിന്റിൽ വിനോദസഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തും. ബസ് ഉൾപ്പെടെയുള്ള മറ്റ് വലിയ വാഹനങ്ങൾ നിശ്ചിത സമയം കണക്കാക്കി കടത്തിവിടും. ഫയർഫോഴ്സ് യൂണിറ്റ് 24 മണിക്കൂറും ചുരത്തിൽ ഉണ്ടാകും. മണ്ണിടിച്ചിൽ ഉണ്ടായ മുകൾ ഭാഗത്തെ പാറയുടെ സ്ഥിതി പരിശോധിക്കാനായി ജി.പി.ആർ സംവിധാനം ഉപയോഗിക്കും.
താമരശ്ശേരി ചുരത്തിൽ മണ്ണ്
നിറഞ്ഞുനീങ്ങൽ പ്രതിഭാസം
വൈത്തിരി : തുടർച്ചയായി പെയ്ത മഴയ്ക്ക് ശേഷമുള്ള മണ്ണ് നീങ്ങിനിരങ്ങൽ പ്രതിഭാസമാണ് താമരശ്ശേരി ചുരത്തിൽ ഉണ്ടായതെന്ന് മുൻ ജില്ലാമണ്ണ് സംരക്ഷണ ഓഫീസർ പി.യു ദാസ് . സ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്ത് ശാസ്ത്രീയമായ പഠനം അനിവാര്യമാണ്. സ്ഥലത്ത് വളരെ പെട്ടെന്ന് ഇനിയൊരു മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാദ്ധ്യത കുറവാണ് . എന്നാൽ ശക്തമായ മഴപെയ്താൽ ജാഗ്രത വേണം. കൂടുതൽ ചരിവുള്ള പ്രദേശം എന്ന നിലയിൽ താമരശ്ശേരി ചുരത്തിലെ പല മേഖലകളിലും സമാനമായ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാൻ കഴിയില്ല. തുടർച്ചയായി 100 ദിവസത്തോളം മഴ ലഭിച്ച പ്രദേശമാണ് ചുരം ഉൾപ്പെടുന്ന വനമേഖല. മലമുകളിൽ മഴവില്ല് ആകൃതിയിൽ വിള്ളൽ വീണിട്ടുണ്ടാകാം. 2019ൽ സമാനമായ പ്രതിഭാസം വയനാട്ടിൽ വ്യാപകമായി ഉണ്ടായിരുന്നു.100 മില്ലിമീറ്റർ വരെ മഴ ലഭിച്ച പ്രദേശമാണ് ചുരം ഉൾപ്പെടുന്ന വനമേഖല. ചിലദിവസങ്ങളിൽ കൂടിയ അളവിൽ മഴ കിട്ടിയിട്ടുണ്ട്. ആദ്യം മണ്ണിടിച്ചിൽ ഉണ്ടായ സമയത്ത് മഴ ശക്തമായി പെയ്യണമെന്നില്ല. എന്നാൽ ദിവസങ്ങളോളം തുടർച്ചയായി പെയ്തതിന് തുടർന്നാണ് ശക്തമായ മണ്ണിടിച്ചിൽ ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. പുത്തുമല ,കുറിച്യർമല ഉൾപ്പെടെയുള്ള ഉരുൾപൊട്ടൽ ദുരന്തം നടന്നപ്പോൾ പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചത് പി.യു ദാസ് ആയിരുന്നു.
ചരക്കുലോറികൾ വഴിയിൽ
കുടുങ്ങിയത് മൂന്നുദിവസം
ലക്കിടി : താമരശ്ശേരി ചുരത്തിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ചരക്ക് ലോറികൾ വഴിയിൽ കുടുങ്ങിയത് മൂന്ന് ദിവസം. ഭക്ഷണവും വെള്ളവും കൃത്യമായി ലഭിക്കാതെ ഡ്രൈവർമാർ വലഞ്ഞു. ചൊവ്വാഴ്ച രാത്രി 7 മണിയോടെയാണ് താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ ഉണ്ടായത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ചരക്കുമായി എത്തിയ വാഹനങ്ങളാണ് മൂന്ന് ദിവസത്തോളം റോഡരികിൽ നിർത്തിയിട്ടത്. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോലും സ്ഥലമില്ലാതെ ഡ്രൈവർമാർ വലഞ്ഞു. ചില സന്നദ്ധ സംഘടനകൾ ഇടയ്ക്ക് ഭക്ഷണം എത്തിച്ചു നൽകിയതല്ലാതെ അധികൃതരുടെ ഭാഗത്തുനിന്നും ഒരു സഹായവും ഉണ്ടായില്ലെന്ന് ഡ്രൈവർമാർ പറയുന്നു. ചൊവ്വാഴ്ച രാത്രിയിൽ ലോറികൾ പിടിച്ചിടുമ്പോൾ ബുധനാഴ്ച രാവിലെ തന്നെ കടത്തിവിടും എന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്.
എന്നാൽ ബുധനാഴ്ച കൂടുതൽ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതോടെ കടന്നുപോകാൻ കഴിഞ്ഞില്ല. മറ്റ് ചുരങ്ങൾ ആശ്രയിക്കുമ്പോൾ കിലോമീറ്റർ താണ്ടേണ്ടി വരും. കൂടുതൽ ചരക്കും ഇറക്കേണ്ടത്കോഴിക്കോടാണ്.
താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾ വഴിയിൽ കുടുങ്ങുന്നത് ഇതാദ്യമല്ല. എന്നാൽ ദിവസങ്ങളോളം വഴിയിൽ പെട്ടുപോകുന്നത് വലിയ പ്രതിസന്ധിയാണെന്ന് ഡ്രൈവർമാർ പറയുന്നു.
വാടി പൂവിപണിയും വലിയങ്ങാടിയും
കോഴിക്കോട്: നാലുദിവസമായി താമരശ്ശേരി ചുരം പണിമുടക്കിയപ്പോൾ വാടിപ്പോയത് കോഴിക്കോട്ടെ പൂവിപണിയും വലിയങ്ങാടിയിലെ ഓണവിപണിയും. പാളയത്ത് നിന്നാണ് കോഴിക്കോട്ടെ പൂക്കളുടെ പോക്കും വരവും. താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞ് നാലുദിവസം ഗതാഗതം സ്തംഭനത്തിലായപ്പോൾ കർണാടകയിൽ നിന്നും തമിഴ് നാട്ടിൽ നിന്നുമുള്ള പൂക്കളുടെ വരവ് നിലച്ചു. വന്നതെല്ലാം കെട്ടിക്കിടന്ന് കേടായി. വിപണിയിൽ പൂക്കൾക്ക് വിലയും ഇരട്ടിയായി. വലിയങ്ങാടിയിലേക്ക് ഓണവിപണി ലക്ഷ്യമിട്ട് ഭക്ഷ്യധാന്യങ്ങളുമായെത്തിയ ചരക്കുലോറികൾ കുടുങ്ങിക്കിടന്നതും പ്രതികൂലമായി. അവശ്യ സാധനങ്ങൾ യഥാസമയത്ത് എത്താത്തത് വിപണിയെ പ്രതികൂലമായി ബാധിച്ചെന്നും അതേസമയം വില കൂട്ടിയിട്ടില്ലെന്നും കച്ചവടക്കാർ പറഞ്ഞു.